KeralaNews

മഞ്ജു വാര്യർ പായസമിളക്കി,ഇനി കൊച്ചിയിൽ ആരും വിശന്നിരിക്കേണ്ട; സാമ്പാറും തോരനും അച്ചാറും,10 രൂപക്ക് ഊണൊരുക്കി കൊച്ചി

കൊച്ചി:നഗരത്തിൽ ഇനി ആരും വിശന്നിരിക്കേണ്ട. സാമ്പാറും അച്ചാറും തോരനും കൂട്ടി ഇനി ഉച്ചഭക്ഷണം കഴിക്കാം. 10 രൂപയ്ക്ക് ഉച്ചഭക്ഷണവുമായി ‘സമൃദ്ധി കൊച്ചി” പദ്ധതിക്ക് തുടക്കമായി. മിതമായ നിരക്കിൽ എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ ഹോട്ടലിന് തുടക്കമാകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു.

ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച വിശപ്പുരഹിത കൊച്ചി എന്ന ആശയത്തിന്റെ ഭാഗമായാണ് സമൃദ്ധി കൊച്ചി പദ്ധതി നടപ്പിലാക്കുന്നത്. നോർത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടൽ കെട്ടിടത്തിന്റെ താഴെ നിലയിൽ വലതുവശത്താണ് ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നത്. 1500 പേർക്ക് ഭക്ഷണം തയ്യാറാക്കാവുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ കേന്ദ്രീകൃത അടുക്കളയാണ് ഹോട്ടലിൽ തയ്യാറാക്കിയിട്ടുള്ളത്.

കോവിഡ് കാലത്തെ സാമൂഹിക അടുക്കളയുടെ പ്രവർത്തനത്തിൽനിന്നാണ് ഇത്തരമൊരു ആശയം മനസിലുദിച്ചത്. നഗരത്തിലെത്തുന്ന തൊഴിലാളികളെ ലക്ഷ്യംവെച്ചാണ് പദ്ധതി. സെയിൽസ് ഗേൾസ്, ചുമട്ടുതൊഴിലാളികൾ, മറ്റ് ചെറിയ ജോലികൾ ചെയ്യുന്നവരടക്കമുള്ളവർ ദിവസ വേതനാടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ഇവരൊക്കെ ദൂര സ്ഥലങ്ങളിൽനിന്നു ഊണ് പൊതിഞ്ഞ് കെട്ടി കൊണ്ടുവരും. ഒരു ദിവസം പുറത്തുനിന്ന് കഴിക്കേണ്ടി വന്നാൽ അത് അവരുടെ ആ മാസത്തെ സാമ്പത്തിക സ്ഥിതിയെ തന്നെ ബാധിക്കും. അപ്പോൾ അത്തരം സാഹചര്യങ്ങളിൽ പലരും ഭക്ഷണം കഴിക്കാതെ ഇരിക്കുകയാണ് ചെയ്യാറ്. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കുകയാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്ന് കൊച്ചി മേയർ എം അനിൽ കുമാർ പറഞ്ഞു.

ഇന്നത്തെ ഉദ്ഘാടന വാർത്തയറിഞ്ഞ് ആദ്യത്തെ ദിവസം തന്നെ നഗരത്തിലെ പ്രമുഖ ഇലക്ട്രിക്കൽ ഷോപ്പ്, വാട്സ് ആപ്പിലൂടെ ഒന്നു രണ്ട് പേർ സഹായ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത്തരം സഹായ വാഗ്ദാനങ്ങൾ ആദ്യദിവസം തന്നെ കിട്ടുമ്പോൾ വലിയ സന്തോഷം തോന്നുകയാണ്. ഇതൊരു കേന്ദ്രീകൃത അടുക്കളയാക്കി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഭക്ഷണം എത്തിക്കുന്ന തരത്തിലേക്ക് പദ്ധതിയെ വളർത്തിക്കൊണ്ട് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അച്ചാർ, സാമ്പാറോ മറ്റേതെങ്കിലും ഒഴിച്ചു കറിയോ, തോരനോ ആയിരിക്കും 10 രൂപ ഊണിനൊപ്പം ഉണ്ടായിരിക്കുക. ആവശ്യമുള്ളവർക്ക് പ്രത്യേകം സ്പെഷ്യൽ വിഭവങ്ങളം ഉണ്ടാകും. സ്പെഷ്യലിന് ഈ 10 രൂപക്ക് പുറമേ കാശ് നൽകണം. ജില്ല മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ അക്രഡിറ്റഡ് ഏജൻസിയായ എഐഎഫ്ആർഎച്ച്എമ്മാണ് ജനകീയ ഹോട്ടൽ ജീവനക്കാർക്ക് പരിശീലനം നൽകിയത്. കൊച്ചി കോർപറേഷനിലെ കുടുംബശ്രീ പ്രവർത്തകരായ 14 വനിതകളായിരിക്കും ആദ്യഘട്ടത്തിൽ ഹോട്ടലിലെ തൊഴിലാളികൾ.

കുടുംബശ്രീ പ്രവർത്തകരെ ഏകോപിപ്പിക്കൽ, ഹോട്ടലിന്റെ പ്രവർത്തനം ഏകോപിക്കലെല്ലാം വലിയ വെല്ലുവിളിയാണ്. എങ്കിൽ പോലും ആ വെല്ലുവിളികളെ തരണം ചെയ്ത് പോകാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും മേയർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button