NationalNews

സ്വവർഗ ദമ്പതിമാർക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയില്ല: സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹിതര്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി മിനിറ്റുകള്‍ക്കകം ഭരണഘടനാ ഭൂരിപക്ഷ ബെഞ്ചിലെ ഭൂരിപക്ഷ വിധിയിലൂടെ ഇത് റദ്ദായി. സ്വവര്‍ഗ വിവാഹത്തിന് നിയമപ്രാബല്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത വിധി പ്രസ്താവം പുറപ്പെടുവിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ദത്തെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാന നിര്‍ദേശം നല്‍കിയത്. എന്നാല്‍ ബെഞ്ചിലെ മറ്റു മൂന്ന് അംഗങ്ങള്‍ ഇതിനോട് വിയോജിച്ചതോടെ സ്വവര്‍ഗ ദമ്പതിമാര്‍ക്ക് തുടര്‍ന്നും കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ കഴിയാതെ വരും.

ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരാണ് സ്വവര്‍ഗ ദമ്പതിമാര്‍ക്ക് ദത്ത് എടുക്കാന്‍ അവകാശം ഇല്ലെന്ന് വിധിച്ചത്. അവകാശം ഉണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ വിധിയാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അംഗീകരിച്ചത്.

സ്വവര്‍ഗ ദമ്പതിമാര്‍ ഉള്‍പ്പെടെ അവിവാഹിതരായ ദമ്പതിമാര്‍ക്ക്‌ സംയുക്തമായി ഒരു കുട്ടിയെ ദത്തെടുക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നത്. ആ സന്ദര്‍ഭത്തില്‍. അവിവാഹിതരേയും സ്വവര്‍ഗ ദമ്പതിമാരേയും ദത്തെടുക്കുന്നതില്‍ നിന്ന് വിലക്കുന്ന സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ സര്‍ക്കുലര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 ന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് കൗളും ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തോട് യോജിപ്പറിയിച്ചു.

ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. എല്ലാ ആനുകൂല്യങ്ങളും കുട്ടികള്‍ക്ക്‌ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം കുട്ടികള്‍ക്ക് വളരാന്‍ സ്ഥിരതയുള്ള സാഹചര്യം
ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിവാഹിതരല്ലാത്ത ദമ്പതിമാരോ സ്വവര്‍ഗ പങ്കാളികളോ നല്ല മാതാപിതാക്കളല്ലെന്ന് ഇതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ ഹിമ കോലിയും പി.എസ്.നര സിംഹയും രവീന്ദ്ര ഭട്ടിനോട് യോജിപ്പിറിയിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button