KeralaNews

സമസ്ത നേതാവിന്റെ പ്രസ്താവന സംഘപരിവാരത്തിന്റെ ലവ് ജിഹാദ് ആരോപണത്തിന്റെ തനിപകർപ്പ് – എസ്.എഫ്.ഐ

തിരുവനന്തപുരം: സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്താവന സംഘപരിവാരത്തിന്റെ ലവ് ജിഹാദ് ആരോപണത്തിന്റെ തനിപകര്‍പ്പെന്ന് എസ്.എഫ്.ഐ.

സൗഹൃദത്തെയും, പ്രണയത്തെയും മതം തിരിച്ച് കണ്ട് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിന് വേണ്ടി ആര്‍.എസ്.എസ് നടത്തിയ ശ്രമത്തിന്റെ മറ്റൊരു പകര്‍പ്പാണ് നാസര്‍ ഫൈസിയുടെ ഇന്നത്തെ പ്രതികരണം.

കേരളത്തിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നത് മതനിരപേക്ഷതയുടെ പക്ഷത്താണ്, അല്ലാതെ മതനിരാസത്തിന്റെ പക്ഷത്തല്ല. എല്ലാ മതസ്ഥര്‍ക്കും, ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും ക്യാമ്പസുകളില്‍ ഒരേ മനസ്സോടെ അണിനിരക്കാന്‍ കഴിയുന്ന സംഘടനയാണ് എസ്.എഫ്.ഐയെന്നും സംസ്ഥാന നേതൃത്വം പ്രസ്താവനയില്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് വെള്ളം കടക്കാത്ത അറകളായി തരംതിരിക്കാനുള്ള മതവര്‍ഗീയ ശക്തികള്‍ക്ക് എതിരാണ് എന്നും എസ്.എഫ്.ഐ. സംഘപരിവാരം രാജ്യത്ത് ന്യൂനപക്ഷങ്ങളെയും, ദളിതരെയും വേട്ടയാടുമ്പോള്‍ കേരളത്തിലെ ക്യാമ്പസുകളില്‍ ഇതിനെതിരെ പ്രതിരോധങ്ങള്‍ തീര്‍ക്കുന്നത് എസ്.എഫ്.ഐ ആണ്.

കേരളത്തിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ ഉള്ളതുകൊണ്ടാണ് എ.ബി.വി.പിയെയും, ക്യാമ്പസ് ഫ്രണ്ടിനെയും, എസ്.ഐ.ഒയെയും പോലുള്ള മതവര്‍ഗീയത പ്രചരിപ്പിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിദ്യാര്‍ത്ഥി ഹൃദയങ്ങളിലേക്ക് പ്രവേശിക്കാന്‍ ആവാത്തത് എന്ന് കേരള സമൂഹത്തിന് നല്ല ബോധ്യമുണ്ടെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

ഇതിനിടെ സെനറ്റ് നോമിനേഷനുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നിട്ടുള്ള കേരള, കോഴിക്കോട് സര്‍വകലാശാല ആസ്ഥാനങ്ങളില്‍ നാളെ രാപ്പകല്‍ സമരം ആരംഭിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ അറിയിച്ചു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം മതനിരപേക്ഷമായി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരെ സമരത്തിന്റെ ഭാഗമാക്കും.

ഈ രണ്ട് സര്‍വകലാശാലകളിലേക്കും ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത ആര്‍.എസ്.എസ്. പ്രതിനിധികളുടെ പേരുകള്‍ എങ്ങനെ ഗവര്‍ണറുടെ ടേബിളിലെത്തി. ആരാണ് ഈ പേരുകള്‍ നിര്‍ദേശിച്ചത്. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ ഈ വിഷയങ്ങളില്‍ മറുപടി പറയാത്ത പക്ഷം കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനകത്തും പ്രവേശിക്കാന്‍ അനുവധിക്കാത്ത തരത്തിലേക്ക് സമരം ഉയര്‍ത്തുമെന്നും ആര്‍ഷോ വ്യക്തമാക്കി.

കെ.എസ്.യു., എം.എസ്.എഫ്. ഉള്‍പ്പെടെയുള്ള ഇതര വിദ്യാര്‍ഥി സംഘടനകള്‍ സമര രംഗത്ത് പ്രത്യക്ഷപ്പെടുന്നില്ലാത്തത് അദ്ദേഹം ചോദ്യം ചെയ്തു. ആര്‍.എസ്.എസ്സിനും ഗവര്‍ണര്‍ക്കുമെതിരെ സമരം നയിക്കരുതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ കെ.എസ്.യു. സംസ്ഥാന നേതൃത്വത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അതിനാലാണ് കെ.എസ്.യു. സമരം ഏറ്റെടുക്കാത്തതെന്നും ആര്‍ഷോ ആരോപിച്ചു.

വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള കോണ്‍ഗ്രസ് – ആര്‍.എസ്.എസ് തയാറാക്കിയിട്ടുള്ള ധാരണയുടെ ഭാഗമായിട്ടാണ് കെ.എസ്.യു. കേരളത്തിലെ വിദ്യാര്‍ഥികളെ ഒറ്റുകൊടുത്തുകൊണ്ട് ഗൗരവവിഷയത്തില്‍ നിന്നും മുഖംതിരിക്കുന്നത്. ഈ നിലപാട് മുന്നോട്ട് കൊണ്ടുപോകുന്ന സാഹചര്യത്തില്‍ കേരളത്തിലെ മതനിരപേക്ഷ ക്യാമ്പസുകള്‍ കെ.എസ്.യു.വിനെ ഒറ്റപ്പെടുത്തുമെന്നും ആര്‍ഷോ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button