ഹൈദരാബാദ്: നടി സാമന്ത പ്രഭു ആരംഭിച്ച മെഡിക്കല്‍ പോഡ്കാസ്റ്റ് ചുരുങ്ങിയ കാലത്തിനുള്ളില്‍ വലിയ ശ്രദ്ധനേടിയിരുന്നു. ആരോഗ്യ സംബന്ധമായ അറിവുകള്‍, ലൈഫ് കോച്ചിംഗ്, വ്യായാമം തുടങ്ങിയ വിഷയങ്ങളാണ് പോഡ്കാസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയാണ് പോഡ്കാസ്റ്റില്‍ നടി അതിഥികളായി ക്ഷണിക്കുന്നത്. ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സും ഈ പോഡ്കാസ്റ്റിനുണ്ട്.
അതേ സമയം കരളിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പോഡ്കാസ്റ്റ് വലിയ വിവാദമായിരിക്കുകയാണ്. അതിഥിയായി എത്തിയ അല്‍ക്കേഷ് സാരോത്രി
എന്ന വ്യക്തി തീര്‍ത്തും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഒട്ടേറെപേര്‍ രംഗത്ത് വന്നിരിക്കുകയാണ്.
കരളിനെ ഡീടോക്‌സ് ചെയ്യാന്‍ ഡാന്‍ഡെലിയോണ്‍ പോലുള്ള സസ്യങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. മലയാളിയായ കരള്‍രോഗ വിദഗ്ധന്‍ ഡോ ഫിലിപ്പ്‌സിന്റെ ദ ലിവര്‍ ഡോക് എന്ന എക്‌സ് അക്കൗണ്ടില്‍ പോഡ്കാസ്റ്റിനെതിരേ എഴുതിയ ഒരു കുറിപ്പ് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ആരോഗ്യകാര്യങ്ങളില്‍ അറിവില്ലാത്ത ഇല്ലാത്ത ഒരാളെ വിളിച്ചുവത്തി ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത് ശരിക്കും സാമന്ത തന്റെ 33 ദശലക്ഷത്തിലധികം ഫോളോവേഴ്സിനെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കുറിപ്പില്‍ പറയുന്നു.
‘വെല്‍നസ് കോച്ച് പെര്‍ഫോമന്‍സ് ന്യൂട്രീഷനിസ്റ്റ് എന്ന് ഇന്‍സ്റ്റഗ്രാമില്‍ പറയുന്ന ഈ അതിഥിക്ക് മനുഷ്യശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ച് യാതൊരു അറിവും ഇല്ല. ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ് (സ്വയം രോഗപ്രതിരോധ രോഗങ്ങള്‍) ചികിത്സിയ്ക്കാന്‍ പച്ചമരുന്ന് മതി എന്നത് അടക്കം തീര്‍ത്തും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്.
വെല്‍നസ് കോച്ച് എന്ന് പറഞ്ഞ് ഈ പരിപാടിയില്‍ പങ്കെടുത്തയാള്‍ ശരിക്കും ഒരു മെഡിക്കല്‍ പ്രാക്ടീഷ്ണർ അല്ല. അത് മാത്രമല്ല കരള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സംബന്ധിച്ച് യാതൊരു അറിവുമില്ല. പരമ്പരാഗത ചികിത്സ അനുസരിച്ച് ഡാന്‍ഡെലിയോണിന് മൂത്രവിസര്‍ജ്ജനം ത്വരിതപ്പെടുത്താന്‍ കഴിയും. എന്നാല്‍ അത് സംബന്ധിച്ച തെളിവുകള്‍ അപര്യാപ്തമാണെന്നും’ ദ ലിവര്‍ ഡോക് കുറിച്ചു.