KeralaNews

പ്ലസ്ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്‌സിങ് പഠനവും ജോലിയും; പദ്ധതിയുമായി നോർക്ക റൂട്ട്‌സ്

തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്‌സിങ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യബാച്ചിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. ജർമൻ ഭാഷ പരിശീലനം (ബി-2 ലെവൽവരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമനിയിലെത്തിയശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.


ജർമനിയിൽ രജിസ്റ്റേഡ് നഴ്‌സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുള്ള വൊക്കേഷണൽ നഴ്‌സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. താത്പര്യമുള്ളവർക്ക് [email protected] എന്ന ഇ-മെയിൽ ഐ.ഡി.യിലേക്ക്‌ ഇംഗ്ലീഷിൽ തയ്യാറാക്കിയ വിശദമായ സി.വി., മോട്ടിവേഷൻ ലെറ്റർ, ജർമൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം മാർച്ച് 21-നകം അപേക്ഷ നൽകാം.

ജർമൻ ഭാഷയിൽ A2, B1 ലെവൽ വിജയിച്ചവർക്ക് (ഗോയ്‌ഥേ, ടെൽക്, OSD, TestDaf എന്നിവിടങ്ങളിൽനിന്ന്‌ 2023 ഏപ്രിലിനുശേഷം) മുൻഗണന ലഭിക്കും. ആരോഗ്യ മേഖലയിലെ മുൻപരിചയം (ഉദാ. ജൂനിയർ റെഡ്‌ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18-നും 27-നും ഇടയിൽ പ്രായമുള്ള കേരളീയരായ വിദ്യാർഥികൾക്കാണ് അർഹത.

കഴിഞ്ഞ ആറുമാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും നിർദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സന്നദ്ധതയുള്ളവരുമാകണം അപേക്ഷകർ. നോർക്ക റൂട്ട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കണം. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്ന്‌) +918802 012 345 (വിദേശത്തുനിന്ന്‌, മിസ്ഡ്‌ കോൾ സർവീസ്) ബന്ധപ്പെടാം.

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നോർക്കയിൽ പ്രത്യേക സൗകര്യം

സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററുകളിൽ മാർച്ച് 31 വരെ അറ്റസ്റ്റേഷന് പ്രത്യേക സൗകര്യം. വിദേശരാജ്യങ്ങളിൽ ജോലിസംബന്ധമായോ പഠനത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ പോകുന്നവർ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും വ്യക്തിവിവര സർട്ടിഫിക്കറ്റുകളും (Personal Documents) സാക്ഷ്യപ്പെടുത്തണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളനുസരിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സർക്കാരുകൾ അധികാരപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് നോർക്ക റൂട്ട്‌സ്.

വിദ്യാഭ്യാസ, വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷൻ, എം.ഇ.എ. (മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തൽ, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തൽ, അപ്പോസ്റ്റിൽ അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ നോർക്ക റൂട്ട്‌സ് വഴി ലഭിക്കും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന മൂന്ന് സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററുകളിൽ സേവനം ലഭിക്കും. ഹോം അറ്റസ്റ്റേഷനായി എല്ലാ ജില്ലാസെല്ലുകളിലും അപേക്ഷ സ്വീകരിക്കും.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രവാസികേരളീയർക്ക് നോർക്ക റൂട്ട്‌സിന്റെ ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി എൻ.ആർ.കെ. ഡെവലപ്‌മെന്റ് ഓഫീസുകളിലും അപേക്ഷ നൽകാം. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി സ്വകാര്യ ഏജൻസികളുടെ സഹായം തേടരുതെന്ന് നോർക്ക അധികൃതർ നിർദേശിച്ചു.

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി www.norkaroots.org വെബ്സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ-ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽനിന്ന്), +91 8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോൾ സർവീസ്) എന്നിവയിൽ ബന്ധപ്പെടാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker