മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നുള്ള അഞ്ച് ഭീകരർക്കെതിരെയുള്ള ചാർജ് ഷീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനായി കരാർ ഏറ്റെടുത്തതെന്നും പോലീസ് വ്യക്തമാക്കുന്നു.
കൊലപാതകം നടത്താനായി പാകിസ്താനിൽ നിന്നും എകെ 47, എകെ 92, എം 16 എന്നിവയും ഇവർ വാങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയ തുർക്കി നിർമിത സിഗാന ആയുധവും വാങ്ങാൻ പ്രതികൾ പദ്ധതിയിട്ടിരുന്നു. 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെ സൽമാൻ ഖാനെ കൊലപ്പെടുത്താനായി വാടകയ്ക്കെടുത്തിരുന്നു. ഇവരെല്ലാം പല സ്ഥലങ്ങളിലായി ഒളിവിലാണ്.
എഴുപതോളം പേരെയാണ് നടന്റെ ചലനങ്ങൾ നിരീക്ഷിക്കാനായി ഏര്‍പ്പെടുത്തിയിരുന്നത്. ബാന്ദ്രയിലെ വീട്ടിലും, പൻവേലിലെ ഫാംഹൗസിലും ഗൊരേഗാവ് ഫിലിം സിറ്റിയിലും ഉള്‍പ്പെടെ സല്‍മാന്‍ ഖാനെ ഇവര്‍ നിരീക്ഷിച്ചിരുന്നുവെന്നും ചാർജ് ഷീറ്റില്‍ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച ഹരിയാനയിലെ പാനിപ്പത്തിൽ നിന്ന് അറസ്റ്റിലായ സുഖ ഷൂട്ടറായ അജയ് കശ്യപ് എന്ന എകെയ്ക്കും ഗൂഡാലോചനയിൽ പങ്കെടുത്ത മറ്റ് നാല് പേർക്കും നടനെ കൊല്ലാനുള്ള നിർദേശം നൽകിയിരുന്നു. ഇവരെല്ലാം നടത്തിയ നിരീക്ഷണത്തിൽ നാടന് കനത്ത സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനവും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഇതോടെ, 8 കൊലപാതകത്തിനായി അത്യാധുനിക ആയുധങ്ങൾ വേണമെന്ന തീരുമാനത്തിലേക്ക് ഇവരെത്തി.
കൊലപാതകത്തിന് ശേഷം കന്യാകുമാരിയിൽ ഒത്തുകൂടാനും അവിടെ നിന്ന് ശ്രീലങ്കയിലേക്കും പിന്നീട് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഏതെങ്കിലും രാജ്യത്തേക്ക് കടക്കാനുമായിരുന്നു ഷൂട്ടർമാരുടെ പദ്ധതിയെന്നും പോലീസ് പറയുന്നു.