FeaturedKeralaNews

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരും,ആറ് മാസം കൊണ്ട് 36 ദിവസത്തെ വേതനം പിടിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരുമെന്ന് ധനകാര്യ മന്ത്രി ടിഎം തോമസ് ഐസക്. ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ച് തീരുമാനം അറിയിച്ചു. അടുത്ത ആറ് മാസം കൊണ്ട് 36 ദിവസത്തെ വേതനം പിടിക്കാനാണ് തീരുമാനം. എന്നാൽ ഇതനുവദിക്കില്ലെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ നിലപാടെടുത്തു. ഇതേത്തുടർന്ന് യോഗത്തിൽ തർക്കമുയർന്നു.

കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം പിടിക്കുന്നുണ്ട്. മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കും. ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ 1-നു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും.

ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. എന്നാല്‍, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് ‘കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്കീം’ എന്ന് പേര് നല്‍കാനുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അന്തിമ തീരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കാനും മന്ത്രിസഭാ യോഗം നിർദ്ദേശിച്ചു.

പിന്നാലെയാണ് ധനമന്ത്രി ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചത്. എന്നാൽ ഇനിയും വേതനം പിടിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഇവർ നിലപാടെടുത്തു. ഇത് സംബന്ധിച്ച് സർക്കാർ ഓർഡിനൻസ് ഇറക്കുമെന്ന് ധനമന്ത്രിയും പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിലെ പ്രതിസന്ധി കണക്കിലെടുത്ത് ചെലവ് ചുരുക്കാനും വരുമാനം വർധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്ദ്ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് തീരുമാനമെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button