<p>തിരുവനന്തപുരം:കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ലോക്ക്ഡൗണില്‍ വരുമാനസ്രോതസുകള്‍ പൂര്‍ണമായി അടഞ്ഞതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സാലറി ചലഞ്ചുമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് സര്‍വീസ് സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ സാലറി ചാലഞ്ചുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന്റെ ധനസ്ഥിതി വീണ്ടും മോശമായതോടെയാണ് പ്രളയകാലത്തേതിന് സമാനമായി വീണ്ടും സര്‍ക്കാര്‍ സാലറി ചാലഞ്ച് കൊണ്ടുവരാന്‍ തീരുമാനിച്ചത്. നേരത്തേ പ്രളയകാലത്തിന് ശേഷം സാലറി ചാലഞ്ചിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നാല്‍ ഇപ്പോള്‍ സാലറി ചാലഞ്ചുമായി സഹകരിക്കാമെന്ന നിലപാടിലാണ്. എന്നാല്‍ ഒരു മാസത്തെ ശമ്പളം എന്ന നിബന്ധന ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.</p>
<p>ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍, സര്‍ക്കാരിനുള്ള എല്ലാ സാമ്പത്തിക സ്രോതസ്സുകളും അടഞ്ഞ സാഹചര്യത്തിലാണ് വീണ്ടും സാലറി ചാലഞ്ചുമായി സംസ്ഥാനസര്‍ക്കാര്‍ രംഗത്ത് വരുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ കൂടി അടയ്ക്കുകയും, സര്‍ക്കാരിന്റെ നികുതിയടക്കമുള്ള വരുമാനങ്ങളില്‍ വന്‍ കുറവ് വരികയും ചെയ്യുകയാണ്. എന്നാല്‍ സാമൂഹ്യക്ഷേമപദ്ധതികള്‍ക്കുള്ള നീക്കിയിരിപ്പ് വലിയ രീതിയില്‍ കൂട്ടേണ്ട അത്യാവശ്യം സംസ്ഥാനത്തിനുണ്ട്. റേഷന്‍ ഇനത്തിലും, മറ്റ് സാമൂഹ്യക്ഷേമ ഫണ്ട് വിതരണത്തിന്റെ കാര്യത്തിലും അടിയന്തരമായ ഇടപെടല്‍ സംസ്ഥാനം നടത്തേണ്ടി വരും. ഒപ്പം സംസ്ഥാനത്തെ അസംഘടിതരായ, ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പദ്ധതികളുമായും മുന്നോട്ടുപോകണം.</p>
<p>കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പ്രതിരോധപാക്കേജ് തീര്‍ത്തും അപര്യാപ്തമാണെന്നാണ് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചത്. പുതുതായി സംസ്ഥാനസര്‍ക്കാരിന് എന്തെങ്കിലും തരത്തില്‍ സ്വന്തം കരുതല്‍ നീക്കിയിരിപ്പില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പണമൊന്നും തരുന്നില്ല. അരിയുള്‍പ്പടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ കൂടുതല്‍ തരുന്നുമില്ല. ലോക്ക് ഡൗണ്‍ നീണ്ടാല്‍ കൂടുതല്‍ അരിയും ഭക്ഷ്യധാന്യങ്ങളും സംഭരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങുമെന്നും തോമസ് ഐസക് വ്യക്തമാക്കിയിരുന്നതാണ്. ആരോഗ്യരംഗത്തും കൂടുതല്‍ ഉപകരണങ്ങള്‍ സമാഹരിയ്‌ക്കേണ്ട ചുമതല സംസ്ഥാനങ്ങള്‍ക്കുണ്ട്. കൂടുതല്‍ വെന്റിലേറ്ററുകള്‍ വാങ്ങണം, മാസ്‌കുകളും, കൊവിഡ് ടെസ്റ്റിംഗ് കിറ്റുകളും മറ്റ് അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിക്കണം. കൂടുതല്‍ ആശുപത്രികള്‍ കൊവിഡ് ആശുപത്രികളാക്കി മാറ്റുകയും ഐസൊലേഷന്‍ വാര്‍ഡുകളും തയ്യാറാക്കുകയും വേണം. ഇതിനൊക്കെ പണം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂലസമീപനമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.</p>
<p>പുതിയ സാലറി ചാലഞ്ചുമായും സഹകരിക്കുമെന്ന് എന്‍ജിഒ യൂണിയന്‍ യോഗത്തില്‍ത്തന്നെ മുഖ്യമന്ത്രിയെ അറിയിച്ചു. എന്‍ജിഒ അസോസിയേഷന്‍ ഉള്‍പ്പടെയുള്ളവര്‍ സംഘടനാ തലത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനം പറയാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ സാലറി ചാലഞ്ചുമായി സഹകരിക്കാമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് മാത്രമാണ് പ്രതിപക്ഷനേതാവിന്റെ ആവശ്യം.</p>