EntertainmentKeralaNews

തിരക്കഥ മാറ്റാമെന്ന് ലാൽ സാറിനോട് പറഞ്ഞു, അദ്ദേഹം സമ്മതിച്ചില്ല; പരാജയത്തിന് കാരണം അതാകും: സംവിധായകൻ

കൊച്ചി:മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് സലാം ബാപ്പു. മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റെഡ് വൈൻ എന്ന സിനിമ സംവിധാനം ചെയ്താണ് അദ്ദേഹം സംവിധാന രംഗത്തേക്ക് എത്തുന്നത്. സംവിധായകൻ ലാൽ ജോസിന്റെ അസിസ്റ്റന്റ് ഡയറക്ടറായി 11 വർഷക്കാലം നിന്ന ശേഷമാണ് അദ്ദേഹം റെഡ് വൈൻ സംവിധാനം ചെയ്യുന്നത്.

റെഡ് വൈന് ശേഷം മമ്മൂട്ടിയെ നായകനാക്കി മംഗ്ളീഷ് എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. വമ്പൻ താര നിരയുമായി വന്ന ചിത്രമാണെങ്കിലും തിയേറ്ററിൽ വിജയിക്കാതെ പോയ സിനിമയാണ് റെഡ് വൈൻ. എന്നാൽ ടെലിവിഷനിൽ എത്തിയതോടെ സിനിമയ്ക്കു കാഴ്ചക്കാരെ ലഭിച്ചിരുന്നു.

ഇപ്പോഴിതാ, റെഡ് വൈൻ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഷൂട്ട് തുടങ്ങിയ സിനിമയാണെന്ന് പറയുകയാണ് സലാം ബാപ്പു. ചിത്രത്തിന്റെ തിരക്കഥ മാറ്റുന്നതിന് മോഹൻലാലുമായി സംസാരിച്ചിട്ട് അത് വേണ്ടന്ന് അദ്ദേഹം പറഞ്ഞതിനെ കുറിച്ചും സംവിധായകൻ പറയുന്നുണ്ട്. റെഡ് വൈൻ സംവിധാനം ചെയ്യുന്നതിലേക്ക് താൻ എത്തിയതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

സ്വതന്ത്രമായി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അവിചാരിതമായാണ് താൻ റെഡ്‌വൈൻ സിനിമ സംവിധാനം ചെയ്തത് എന്നാണ് സലാം ബാപ്പു പറയുന്നത്. സുഹൃത്തായ മാമ്മൻ കെ രാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്യാനിരുന്ന ചിത്രം പിന്നീട് സംവിധാനം ചെയ്യാനായി തന്നെ ഏൽപ്പിക്കുകയായിരുന്നു എന്ന് സലാം ബാപ്പു പറയുന്നു. സലാം ബാപ്പുവിന്റെ വാക്കുകളിലേക്ക്.

‘2012 ഒക്ടബറിലാണ് ഞാൻ ലാൽ സാറിനോട് ഈ കഥ പറയുന്നത്. കഥ പറഞ്ഞു അടുത്ത മാസം കേരള പിറവി ദിനത്തിൽ ഞാൻ അദ്ദേഹത്തിന് മെസ്സേജ് അയച്ച് പിന്നാലെ അദ്ദേഹം എന്നെ വിളിച്ച് സിനിമ തുടങ്ങാമെന്ന് പറഞ്ഞു. മൂന്ന് നാല് മാസങ്ങൾക്ക് ശേഷം ചെയ്യാമെന്ന് കരുതി ഇരുന്നത് കൊണ്ട് തന്നെ ഞാൻ പ്രാഥമിക ഒരുക്കങ്ങൾ ഒന്നും നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം അത് പറഞ്ഞപ്പോൾ പേടിയാണ് ഉണ്ടായത്,’

‘പിന്നീട് നിർമ്മാതാക്കളും ഡിസ്ട്രിബ്യുട്ടർമരുമെല്ലാം നൽകിയ പിന്തുണയാണ് സിനിമ നവംബറിൽ തന്നെ തുടങ്ങാൻ സഹായകമായത്. അതുകൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സ്ക്രിപ്റ്റ് കറക്ഷൻ, ലൊക്കേഷൻ ഹണ്ടിങ്, സോങ് കമ്പോസിങ്, കാസ്റ്റിങ് എല്ലാം നടന്നു. ലാൽ സാർ ഇടക്ക് പറയും ചില സിനിമകൾ സംഭവിക്കുന്നത് ആണെന്ന്. അങ്ങനെ സംഭവിച്ചൊരു സിനിമയാണിത്,’

‘ഞാൻ ആ സമയത്ത് ലാൽ സാറിനോട് ഒരു സംശയം പറഞ്ഞിരുന്നു. ലാൽ സാറിനെ മുന്നിൽ കണ്ട് എഴുതിയ തിരക്കഥയല്ല ഇത്. തീർച്ചയായും സാറിനെ ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്നത് ഇത്തരത്തിൽ ഉള്ള കഥാപാത്രമായിരിക്കില്ല. സാർ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ്. അപ്പോൾ എനിക്ക് ലാൽ സാറിന്റെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് സിനിമ ചെയ്യണമെന്ന് പറഞ്ഞു,’

‘അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു. സലാം ഞാൻ ഈ സിനിമയാണ് ഒക്കെ പറഞ്ഞത്. നിങ്ങൾ ഈ സിനിമ ഇനി മാറ്റി വേറെ രീതിയിൽ സ്ക്രിപ്റ്റിങ് ചെയ്യുകയാണെങ്കിൽ അപ്പോൾ ആ തിരക്കഥ കേട്ട ശേഷമേ എനിക്ക് തീരുമാനം എടുക്കാൻ കഴിയു. ഇപ്പോൾ ഞാൻ ഒക്കെ പറഞ്ഞത് ഈ സബ്‌ജക്റ്റും തിരക്കഥയും ഒക്കെ ആയതു കൊണ്ടാണ്. സിനിമയാണ് പ്രധാനം,’

‘സിനിമയിൽ എന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ട്. എനിക്ക് പാട്ടുകളോ ഫൈറ്റ് രംഗങ്ങളോ ഉൾപ്പെടുത്തേണ്ട സിനിമയല്ലിത്. ഇത്തരം സിനിമകൾ കാണാൻ എനിക്ക് പോലും താല്പര്യമുണ്ട്. എന്നെ സ്നേഹിക്കുന്നവർക്കും ഈ സിനിമ കാണാൻ ആഗ്രഹമുണ്ടാകും അതുകൊണ്ടാണ് ഞാൻ ഈ സിനിമ ചെയ്യുന്നത്. ഇനി മാറ്റം വരുത്തേണ്ട കാര്യമില്ല എന്ന് അദ്ദേഹം പറഞ്ഞു,’

ഒരു നടനെയും കാണാതെയാണ് ഞങ്ങൾ സിനിമ ചെയ്തത്. മോഹൻലാലിൻറെ ഫൈറ്റുകളോ മാസ് ഡയലോഗുകളോ ഇല്ലായിരുന്നു. അത് കാണാൻ ആഗ്രഹിക്കുന്നവരുണ്ടാകും. ഫഹദും ആസിഫ് അലിയുമുള്ള ചിത്രത്തിൽ അങ്ങനെയൊന്നും ഇല്ലാതെ ഇരുന്നതാകും സിനിമയെ ബാധിച്ചതെന്ന് കണ്ട ചിലർ പറഞ്ഞെന്നും സലാം ബാപ്പു പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button