കാണ്‍പൂര്‍: പാകിസ്താനിലേക്കാള്‍ കൂടുതല്‍ മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍ ഉള്ളതിനാല്‍ അവരുടെ ന്യൂനപക്ഷ പദവി നിര്‍ത്തലാക്കണമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. നേരത്തെയും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധി നേടിയയാളാണ് ഉന്നാവോയില്‍ നിന്നുള്ള ലോക്സഭാംഗമായ സാക്ഷി മഹാരാജ്.
ശനിയാഴ്ച ഉന്നാവോയില്‍ നടന്ന ചടങ്ങിലാണ് പുതിയ പരാമര്‍ശം. മുസ്‌ലിങ്ങള്‍ ഹിന്ദുക്കളുടെ ഇളയ സഹോദരങ്ങളായി കണക്കാക്കി അവരോടൊപ്പം രാജ്യത്ത് താമസിക്കുകയാണു വേണ്ടത്. വര്‍ധിച്ചുവരുന്ന ജനസംഖ്യ പരിശോധിക്കാനായി പാര്‍ലമെന്റില്‍ ഉടന്‍ ഒരു ബില്‍ അവതരിപ്പിക്കും. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തിനെതിരേയും സാക്ഷി മഹാരാജ് എംപി രംഗത്തെത്തി. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയ്യാറാണെന്നും രാമക്ഷേത്രത്തിലെന്ന പോലെ കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും കാര്‍ഷിക ബില്ലിലും സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പകരം നിരപരാധികളായ കര്‍ഷകരുടെ ചുമലില്‍ നിന്ന് വെടിവയ്ക്കുകയാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു.