KeralaNewsPolitics

പ്രളയ സമയത്ത് സ്വന്തം നാട്ടിലേക്കു രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയെത്തിക്കാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് ജനങ്ങളെ രക്ഷിച്ച എം.എല്‍.എ,കാലശേഷം വീടും സ്ഥലവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എഴുതിവെച്ച രാഷ്ട്രീയ നേതാവ്,പിണറായിയ്ക്ക് നഷ്ടമാവുന്നത് മന്ത്രിസഭയിലെ കരുത്തനെ

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി സജി ചെറിയാന്‍ നടന്നു കയറിയത് സിപിഎമ്മിന്റെ മുന്‍നിര നേതാവെന്ന പദവിയിലേക്കാണ്. പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ അവഗണിക്കപ്പെട്ടുപോയ സ്വന്തം നാട്ടിലേക്കു രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയെത്തിക്കാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു വ്യത്യസ്ത രാഷ്ട്രീയ മുഖമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്ന് ജയിച്ചു കയറിയ സജി ചെറിയാനെ കാത്തിരുന്നത് രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസ്ഥാനമാണ്. കഴിഞ്ഞ സിപിഎം സമ്മേളനത്തില്‍ സെക്രട്ടേറിയറ്റ് അംഗമായി പാര്‍ട്ടിയിലും ആലപ്പുഴ ജില്ലയിലും കരുത്തനായി നില്‍ക്കുമ്പോഴാണ് മന്ത്രി സ്ഥാനത്തുനിന്നുള്ള പടിയിറക്കം.

മന്ത്രി സ്ഥാനം നഷ്ടമായെങ്കിലും പാര്‍ട്ടിയിലും ജില്ലയിലും സജി ചെറിയാനുള്ള സ്വാധീനത്തില്‍ കുറവുണ്ടാകാന്‍ ഇടയില്ല. ഭരണഘടനയെ വിമര്‍ശിച്ചതോടെയാണ് താല്‍പര്യമില്ലെങ്കിലും പാര്‍ട്ടിക്കു സജി ചെറിയാനെ കൈവിടേണ്ടിവന്നത്. ഗവര്‍ണറുടെ നടപടിയും കോടതി നടപടികളുമാണ് പാര്‍ട്ടി കണക്കിലെടുത്തത്.

രാജിവയ്ക്കുന്നതാകും ഉചിതമെന്നായിരുന്നു നിയമോപദേശവും. മല്ലപ്പള്ളിയില്‍ നടന്ന യോഗത്തിലെ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. ഏരിയ കമ്മറ്റിയുടെ സമൂഹമാധ്യമത്തിലെ അക്കൗണ്ടില്‍ പ്രസംഗം വന്നതിനുശേഷമാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. വിവാദങ്ങളുണ്ടാക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ആരെങ്കിലും ഇടപെട്ടോ എന്നും പാര്‍ട്ടി പരിശോധിക്കുന്നുണ്ട്.

എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എസ്എഫ്‌ഐ അംഗമായി തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് മന്ത്രിസ്ഥാനത്തും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും എത്തിച്ചത്. 2006ല്‍ ആയിരുന്നു ആദ്യ നിയമസഭാ മത്സരം. പി.സി.വിഷ്ണുനാഥിനെതിരെ ചെങ്ങന്നൂരില്‍ നിന്നു നിയമസഭയിലേക്കു മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. ആദ്യമത്സരത്തില്‍ തോറ്റ സജിയാണ് പിന്നീട് സിപിഎം വിജയത്തിന് അമരക്കാരനായത്.

കെ.കെ.രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നു 2018 ല്‍ ഉപതിരഞ്ഞെടുപ്പിലാണ് ആദ്യജയം. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണു മത്സരം. തുടര്‍ന്നു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എതിര്‍ മുന്നണികളുടെ പട്ടികയില്‍പ്പോലും ഉറപ്പില്ലാത്തൊരു സീറ്റായിരുന്നു അന്ന് ചെങ്ങന്നൂര്‍. എല്‍ഡിഎഫിന് ഉറപ്പിച്ചു പറയാനാകാത്ത ചെങ്ങന്നൂര്‍ 2018 ലെ ഉപതിരഞ്ഞെടുപ്പിലൂടെ ശക്തമായ ഇടതു കോട്ടയാക്കി മാറ്റാന്‍ കഴിഞ്ഞത് സജി ചെറിയാനിലൂടെയായിരുന്നു.

രാഷ്ട്രീയം തൊഴിലാക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ എംഎല്‍എ ആകുന്നതിനു മുന്‍പു വരെ എല്‍ഐസി ഏജന്റും കേറ്ററിങ് സര്‍വീസ് നടത്തിപ്പുകാരനും കംപ്യൂട്ടര്‍ പരിശീലനകേന്ദ്രം നടത്തിപ്പുകാരനുമായിരുന്നു സജി ചെറിയാന്‍. കരുണാ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ എന്ന നിലയില്‍ സാന്ത്വനപരിചരണരംഗത്തു നടത്തിയ നേതൃപരമായ ഇടപെടലുകള്‍ സജി ചെറിയാന്റെ മറ്റൊരു മുഖം നാട്ടുകാര്‍ക്കു മുന്നില്‍ വരച്ചുകാട്ടി. എട്ടു വര്‍ഷക്കാലം സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലുമെത്തി.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1995 ല്‍ മുളക്കുഴ ഡിവിഷനില്‍നിന്നു വിജയിച്ചു ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷനായി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

മുളക്കുഴ കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ പരേതനായ റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫിസര്‍ ടി.ടി. ചെറിയാന്റെയും റിട്ട. അധ്യാപിക പി.വി. ശോശാമ്മയുടെയും മകനായി 1965 ഏപ്രില്‍ 12ന് ആണു ജനനം. ക്രിസ്ത്യന്‍ കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസ കാലത്തു കോളജ് യൂണിയന്‍ പ്രതിനിധിയായി. മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker