24.6 C
Kottayam
Monday, May 20, 2024

സജി ചെറിയാൻ പ്രസ്താവന പിൻവലിച്ചത് അംഗീകരിക്കുന്നു;ആവശ്യമില്ലാത്ത വാക്കുകൾ ഉപയോ​ഗിച്ചതാണ് ബുദ്ധിമുട്ടുണ്ടാക്കിയത്: കെസിബിസി

Must read

കോട്ടയം: സജി ചെറിയാൻ പ്രസ്താവന പിൻവലിച്ചത് അംഗീകരിച്ച് കെസിബിസി. പ്രസ്താവന പിൻവലിച്ചത് നല്ല ഉദ്ദേശത്തിൽ എടുക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ്പ് മാർ ക്ലിമിസ് കത്തോലിക്ക ബാവ പറഞ്ഞു. ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിച്ചതാണ് വിഷമം ഉണ്ടാക്കിയത്. അത് പിൻവലിച്ചു നല്ലതാണെന്നും മാർ ക്ലിമിസ് കത്തോലിക്ക ബാവ പറഞ്ഞു.

അദ്ദേഹത്തിന്റെ രാഷ്ട്രീയം അദ്ദേഹത്തിന് പറയാമല്ലൊ. പക്ഷെ ആവശ്യമില്ലാത്ത വാക്കുകൾ ഉപയോ​ഗിച്ചതാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. അത് പിൻവലിച്ചു. നാളെത്തെ പരിപാടിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മണിക്കൂറുകൾ ഇനിയുമുണ്ടല്ലൊ, നാളെ ജീവിച്ചിരിക്കുമെങ്കിൽ കാണാമല്ലൊ എന്നും ബിഷപ്പ് മറുപടി പറഞ്ഞു.

സർക്കാരുമായി സഹകരിക്കില്ലെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ ക്ലിമിസ് കത്തോലിക്ക ബാവ അറിയച്ചതിന് പിന്നാലെയാണ് മന്ത്രി സജി ചെറിയാൻ തന്റെ പരാമർശം പിൻവലിക്കുന്നതായി പറഞ്ഞത്. ആർക്കെങ്കിലും പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.

കേക്കും വീഞ്ഞും പരാമർശം പിൻവലിക്കുന്നു. മണിപ്പൂർ വിഷയത്തിലെ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല. അതിൽ ഉറച്ചു നിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ക്രിസ്ത്യൻ സമുദായത്തിനെതിരെ നടന്നിട്ടുളള അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു സജി ചെറിയാൻ പരാമർശം പിൻവലിക്കുന്നതായി അറിയിച്ചത്.

മണിപ്പൂർ കലാപം ഇല്ലായ്മ ചെയ്യുന്നതിൽ കേന്ദ്ര സർക്കാരും മണിപ്പൂർ സർക്കാരും പൂർണമായും പരാജയപ്പെട്ടുവെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. ഇപ്പോഴും അവിടെ സംഘർഷം തുടരുകയാണ്. കലാപം തുടങ്ങി മാസങ്ങളായിട്ടും പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയൊ പാർലമെന്റിൽ ഇത് സംബന്ധിച്ച് ഒരു പ്രസ്താവന നടത്താനൊ തയ്യാറായിട്ടില്ല.

ഇത് കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടായിട്ടാണ് കാണുന്നത്. രാജ്യത്തെ മുസ്ലിം വിഭാഗത്തിനെതിരെയും അക്രമം വർധിച്ചു. ജനാധിപത്യ വിരുദ്ധമായ അക്രമ സംഭവങ്ങൾക്കെതിരായ നിലപാടാണ് താൻ പറയാൻ ഉദ്ദേശിച്ചത്. മണിപ്പൂർ വിഷയം ബിഷപ്പുമാർ പറയേണ്ടതായിരുന്നുവെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം. ആലപ്പുഴ പുന്നപ്രയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പരാമർശം. മന്ത്രിയുടെ പരാമർശത്തിനെതിരെ ദീപിക പത്രവും വിമർശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week