മഡ്‌ഗാവ്: ഐഎസ്എല്‍ സീസണില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ആരാധകര്‍ ഇത്ര ആഘോഷിച്ച മറ്റൊരു രാത്രിയുണ്ടാവില്ല. കേരളത്തിന്‍റെ അഭിമാന താരം സഹല്‍ അബ്‌ദുല്‍ സമദിന്‍റെ (Sahal Abdul Samad) ക്ലാസിക് ഫിനിഷിലാണ് ലീഗ് ഘട്ടത്തിലെ ചാമ്പ്യന്‍മാരായ ജംഷഡ്‌പൂര്‍ എഫ്‌സിനെ (ISL 2021-22) ആദ്യപാദ സെമിയില്‍ ബ്ലാസ്റ്റേഴ്‌സ് (KBFC) കെട്ടുകെട്ടിച്ചത്. ക്ലാസിക് ഫിനിഷ് എന്നുപറയാവുന്ന ഒന്നാന്തരം ചിപ് ഗോളായിരുന്നു ഇത്.
മത്സരത്തിന് കിക്കോഫായി 38-ാം മിനുറ്റില്‍ അൽവാരോ വാസ്‌ക്വേസ് ഉയര്‍ത്തി നല്‍കിയ പന്തില്‍ ജംഷഡ്‌പൂര്‍ പ്രതിരോധത്തെയും ഗോളി ടിപി രഹ്‌നേഷിനെയും കാഴ്‌ച്ചക്കാരനാക്കി തലയ്‌ക്ക് മുകളിലൂടെ പന്ത് ചിപ് ചെയ്‌ത് വലയിലാക്കുകയായിരുന്നു സഹല്‍ അബ്‌ദുല്‍ സമദ്. സഹലിന്‍റെ ഈ ഒറ്റ ഗോളിലാണ് കരുത്തായ ജംഷഡ്‌പൂരിനെ 0-1ന് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്.
സഹല്‍ റെക്കോര്‍ഡ് ബുക്കില്‍
ഈ ഗോളോടെ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തില്‍ ഒരു നാഴികക്കല്ല് സ്വന്തമാക്കുകയും ചെയ്‌തു സഹല്‍ അബ്‌ദുല്‍ സമദ്. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമായി സഹല്‍ മാറി. 13 ഗോളുമായി മുന്‍ സൂപ്പര്‍താരം ഇയാൻ ഹ്യൂമിനൊപ്പമാണ് സഹൽ മൂന്നാം സ്ഥാനത്തുള്ളത്. 12 ഗോൾ നേടിയ അഡ്രിയൻ ലൂണയെ മറികടന്നാണ് സഹലിന്‍റെ മുന്നേറ്റം. 16 ഗോൾ നേടിയ ബെര്‍ത്തലോമ്യു ഒഗ്ബചേയും 14 ഗോൾ നേടിയ മലയാളി താരം സി കെ വിനീതുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഏത് റെക്കോര്‍ഡും തകര്‍ക്കുന്ന ഫോമിലാണ് സീസണില്‍ സഹല്‍.
A 🔝 finish from @sahal_samad, who scored with a brilliant chip shot to give @KeralaBlasters a vital 1️⃣st leg lead! 👏⚽#JFCKBFC #HeroISL #LetsFootball #KeralaBlasters #SahalSamad pic.twitter.com/rjrQI2N6Xv
— Indian Super League (@IndSuperLeague) March 11, 2022
സീസണിലെ രണ്ട് മുന്‍ മത്സരങ്ങളിലും നിരാശ തന്ന ജംഷഡ്‌പൂരിന് തിരിച്ചടി നല്‍കാന്‍ ജയത്തോടെ ബ്ലാസ്റ്റേഴ്‌സിനായി. ലീഗ് ഘട്ടത്തിലെ ആദ്യമത്സരം 1-1ന് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാമങ്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് ജംഷഡ്‌പൂരിനോട് തോറ്റിരുന്നു. ഇന്നലത്തെ ജയത്തോടെ 15ന് നടക്കുന്ന രണ്ടാംപാദ മത്സത്തില്‍ ബ്ലാസ്റ്റേഴ്‌സിന് മാനസിക ആധിപത്യമായി. ചൊവ്വാഴ്‌ചത്തെ രണ്ടാംപാദ സെമിയിൽ സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് മൂന്നാം ഫൈനൽ ഉറപ്പിക്കാം. ആദ്യ കിരീടത്തിനായി പൊരുതുന്ന ബ്ലാസ്റ്റേഴ്സ് 2014ലും 2016ലും ഫൈനലിൽ എത്തിയിരുന്നു.