മലപ്പുറം: രാമക്ഷേത്ര ഉദ്ഘാടനവിഷയത്തിൽ ബിജെപി കാണിക്കുന്ന രാഷ്ട്രീയം അപകടകരമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ മതേതര ആത്മാവ് തിരിച്ചുപിടിക്കാനുള്ള അവസരമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
നെല്ലിശ്ശേരിയിലെ മുസ്‌ലിംലീഗ് ആസ്ഥാനമന്ദിരമായ ഖായിദേ മില്ലത്ത് സൗധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം കെ ഹൈദർ പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവഹാജി, ആലങ്കോട് ലീലാകൃഷ്ണൻ, ജില്ലാ ട്രഷറർ അഷ്‌റഫ് കോക്കൂർ, ഇബ്രാഹിം മൂതൂർ, എ പി ഉണ്ണികൃഷ്ണൻ, ടി പി ഹൈദരലി, അസ്ഹർ പെരുമുക്ക്, പത്തിൽ അഷ്‌റഫ്, അഷ്‌റഫ് മാണൂർ എന്നിവർ പ്രസംഗിച്ചു.
അയോധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സമസ്‌ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആര് പോയാലും സമുദായത്തിന്റെ വികാരം വൃണപ്പെടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്‌തയുടെ നിലപാട് അല്ലെന്നും രാഷ്ട്രീയ കക്ഷികളുടെ നയങ്ങളിൽ അഭിപ്രായമില്ലെന്നും ജിഫ്രി തങ്ങള്‍ കോഴിക്കോട് നടന്ന സമസ്‌ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് സമസ്‌തയെ ക്ഷണിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളാം. അത് അവരുടെ നയമാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സുപ്രഭാതം പത്രത്തിൽ വന്ന ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചു.
‘സമസ്‌തയുടെ നയം സമസ്‌തയാണ് പറയേണ്ടത്, പത്രമല്ല. സുപ്രഭാതം സമസ്‌തയുടെ പത്രം തന്നെയാണ്. എന്നാൽ അതിൽ വരുന്ന അഭിപ്രായങ്ങൾ എല്ലാം സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടേത് ആണെന്ന് പറയാൻ കഴിയില്ല’ ജിഫ്രിക്കോയ തങ്ങൾ പറഞ്ഞു.
ആര് എവിടെ പോയാലും സമുദായത്തിന്റെ വികാരം വ്രണപ്പെടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ക്രിസ്‌തുമസ് കേക്ക് വിവാദത്തില്‍ അടുത്ത ക്രിസ്‌തുമസിന് അഭിപ്രായം പറയാം. ആഘോഷത്തിൽ പങ്കെടുക്കുന്നതിന് വിവിധ വശങ്ങൾ ഉണ്ട് . അതൊരിക്കലും ഒറ്റവാക്കിൽ പറയേണ്ടതല്ല. മതവിശ്വാസത്തിനോട് എതിരാവാത്ത ഏത് ആഘോഷത്തിലും വിശ്വാസികൾക്ക് പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.