News

അനധികൃത നിക്ഷേപം; പന്‍ഡോറ പേപ്പര്‍ പുറത്തുവിട്ട പട്ടികയില്‍ അനില്‍ അംബാനിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായികളുടേയും സെലിബ്രിറ്റികളുടേയും അനധികൃത നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് പന്‍ഡോറ പേപ്പര്‍. നിരവധി പ്രമുഖരുടെ പേരുകളാണ് പന്‍ഡോറ പേപ്പര്‍ പുറത്തുവിട്ടിരിക്കുന്നത്. പല രാജ്യങ്ങളിലുള്ള ശതകോടീശ്വരന്മാര്‍ നികുതിവെട്ടിച്ച് എവിടെയൊക്കെയാണ് പണം നിക്ഷേപം നടത്തിയത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഉള്ളത്.

300ല്‍ അധികം പ്രമുഖര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ഇന്ത്യക്കാരും ഉണ്ടെന്നാണ് അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്. ഇതില്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേയും വ്യവാസായി അനില്‍ അംബാനിയുടേയും പേരുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനില്‍ അംബാനി താന്‍ പാപ്പരാണെന്ന് ബ്രിട്ടണിലെ കോടതിയില്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. 18 കമ്പനികള്‍ വിദേശത്ത് രൂപീകരിച്ച് നിക്ഷേപങ്ങള്‍ നടത്തി അനില്‍ അംബാനി നികുതി വെട്ടിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള പനാമ പേപ്പര്‍ പുറത്തുവന്നതിന് പിന്നാലെ സച്ചിന്‍ വിദേശത്തുള്ള നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിച്ചെന്നും പന്‍ഡോര പേപ്പറില്‍ പറയുന്നുണ്ട്. വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരിയും വിദേശത്ത് ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നീരവ് മോദി സാമ്പത്തിക തട്ടിപ്പുനടത്തി ഇന്ത്യവിടുന്നതിന് ഒരുമാസം മുമ്പാണ് സഹോദരി ട്രസ്ററ് രൂപീകരിച്ചത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ജോര്‍ദാന്‍ രാജാവ്, ഉക്രെയ്ന്‍, കെനിയ, ഇക്വഡോര്‍ പ്രസിഡന്റുമാര്‍, ചെക്ക് റിപബ്ലിക്കിന്റെ പ്രധാനമന്ത്രി തുടങ്ങിയവരുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നൂറ്റിനാല്‍പ്പതിലധികം മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ച് വാഷിങ്ടണ്‍ കേന്ദ്രീകരിച്ചുള്ള ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസം ആണ് വിവരം പുറത്ത് വിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button