മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യയുടെ ടീം സെലക്ഷനെതിരെ തുറന്നടിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 209 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ ഫൈനലിനുള്ള ഇന്ത്യന്‍ ഇലവനില്‍ ഓഫ് സ്പിന്നറായ ആര്‍ അശ്വിനെ കളിപ്പിക്കാത്തതിനെതിരെ ആണ് സച്ചിന്‍ വിമര്‍ശിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിനെ അഭിനന്ദിച്ച സച്ചിന്‍ ആദ്യ ദിനം സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്നാണ് ഓസീസ് വിജയത്തിന് അടിത്തറയിട്ടതെന്നും ടെസ്റ്റില്‍ നിലനില്‍ക്കണമെങ്കില്‍ ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സില്‍ വലിയ സ്കോര്‍ നേടേണ്ടിയിരുന്നുവെന്നും വ്യക്തമാക്കി. പക്ഷെ ഇന്ത്യക്ക് അത് നേടാനായില്ല. മത്സരത്തില്‍ ഇന്ത്യക്ക് സന്തോഷിക്കാന്‍ ചില നിമിഷങ്ങളുണ്ടായിരുന്നു.
പക്ഷെ എനിക്ക് ഇപ്പോഴും മനസിലാവാത്ത കാര്യം അശ്വിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതാണ്. ഐ സി സി ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് അശ്വിന്‍. ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്, പ്രതിഭയുള്ള സ്പിന്നര്‍മാര്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചില്‍ മാത്രമല്ല മികച്ച പ്രകടനം നടത്തുക.
അവര്‍ പന്ത് വായുവില്‍ തിരിച്ചും പിച്ചിന്‍റെ ബൗണ്‍സിന് അനുസരിച്ച് പന്തെറിഞ്ഞും വേഗം കൂട്ടിയും കുറച്ചും പന്തില്‍ വ്യത്യസ്തകള്‍ വരുത്തി വിക്കറ്റെടുക്കാന്‍ ശ്രമിക്കും. ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡറിലെ എട്ടു പേരില്‍ അഞ്ചു ബാറ്റര്‍മാരും ഇടം കൈയന്‍മാരായിരുന്നുവെന്നതും ഇന്ത്യ മറക്കരുതായിരുന്നുവെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.