KeralaNews

സഭ ഭൂമിയിടപാട് കേസ്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി,കർദിനാൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. കർദിനാൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. കേസിൽ ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് കർദ്ദിനാൾ സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു. 7 കേസുകളിൽ ആണ് കർദിനാളിനോട് വിചാരണ നേരിടാൻ നേരത്തെ കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്. 

സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസാണ് ഹർജി നൽകിയത്. കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസന്വേഷണത്തിന്‍റെ ഭാ​ഗമായി ഇടനിലക്കാർക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഭൂമിയിടപാടില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇടപാടുകള്‍ കാനോന്‍ നിയമപ്രകാരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നിയമവിരുദ്ധമായി പണമിടപാട് നടന്നിട്ടില്ലെന്നും പണം എത്തിയത് അതിരൂപതയുടെ അക്കൗണ്ട് വഴിയാണെന്നും സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ നേരത്തെ പൊലീസ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2020ല്‍ വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലും സമര്‍പ്പിച്ചിരിക്കുന്നത്.

വായ്പാ തിരിച്ചടവിന് സഭ വിറ്റ ഭൂമിക്ക് സെന്റിന് 9 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ലഭിച്ചത് 2.43 ലക്ഷം മുതല്‍ 10.75 ലക്ഷം വരെയും. 36 പേരാണ് ഭൂമി വാങ്ങിയത്. ഇവര്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്തത്. നിയമവിരുദ്ധമായ ഒരു പണമിടപാടും നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button