ശബരിമല: നിയമം ലംഘിച്ച് എഡിജിപി എം.ആർ. അജിത്‌കുമാർ ശബരിമലയിലേക്ക് ട്രാക്ടർയാത്ര ചെയ്തപ്പോൾ ബലിയാടായത് ഒരു പോലീസ് ഡ്രൈവർ. തിരുവല്ല പോലീസ് സ്‌റ്റേഷനിലെ ഡ്രൈവറായ വിവേക് കുമാറിനാണ് മേലുദ്യോഗസ്ഥരുടെ വാക്കാലുള്ള നിർേദശം അനുസരിക്കേണ്ടിവന്നപ്പോൾ കേസിൽ പ്രതിയാവേണ്ടിവന്നത്.
പമ്പ പോലീസ് തയ്യാറാക്കിയ പ്രഥമവിവര റിപ്പോർട്ടിൽ പേരറിയാത്ത ഡ്രൈവർ എന്നാണ് കാണിച്ചിരിക്കുന്നതെങ്കിലും വിവേകായിരുന്നു അന്ന് പോലീസ് ട്രാക്ടർ ഓടിച്ചത്.
ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് പമ്പയിൽ ലെയ്‌സൺ ചുമതലയുള്ള പോലീസ് ഉദ്യോസ്ഥൻ മുകളിൽനിന്നുള്ള നിർദേശം പമ്പ സ്‌റ്റേഷനിൽ അറിയിച്ചത്. തനിക്ക് പോകാൻ പോലീസിന്റെ ട്രാക്ടർ തയ്യാറാക്കണമെന്ന് എഡിജിപി പത്തനംതിട്ട എസ്‌പിക്ക് നൽകിയ നിർദേശമാണ് താഴേക്കെത്തിയത്. അതുപ്രകാരം രാത്രി എട്ടുമണിയോടെ െെഡ്രവർ ട്രാക്ടറുമായി എത്തി.
എഡിജിപി, തിരുവനന്തപുരത്തുനിന്ന് അദ്ദേഹത്തിനൊപ്പമെത്തിയ ഗൺമാൻ, പമ്പയിൽ ജില്ലാ പോലീസ് എഡിജിപിക്കുവേണ്ടി പ്രത്യേകമായി നിയോഗിച്ചിരുന്ന പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായ സിപിഒ എന്നിവരാണ് ട്രാക്ടറിൽ കയറിയത്.
സീറ്റിൽ എഡിജിപിയും ഗൺമാനും ഇരുന്നു. ട്രാക്ടറിന്റെ പിന്നിൽ ചരക്കുകൊണ്ടുപോകാൻ ഉപയോഗിക്കുന്ന കുത്തനെയുള്ള കാരിയറിലായിരുന്നു പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറുടെ യാത്ര.
സ്വാമി അയ്യപ്പൻ റോഡിൽ ആദ്യത്തെ വളവുമുതൽ സിസിടിവികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യാത്ര ഇവിടെനിന്ന് തുടങ്ങിയത്. എന്നാൽ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്.
സന്നിധാനത്ത് ചെരിപ്പുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് മൂവരും ട്രാക്ടറിൽനിന്ന് ഇറങ്ങിനടന്നു. പിന്നീടങ്ങോട്ട് എല്ലായിടത്തും സിസിടിവിയുണ്ട്. 13-ന് നവഗ്രഹപ്രതിഷ്ഠ തൊഴുതശേഷം എഡിജിപിയും ഗൺമാനും മാത്രം മടങ്ങി.
പോലീസിനറിയില്ല സ്വന്തം ഡ്രൈവറുടെ പേര്
എഡിജിപിയുടെ ട്രാക്ടർയാത്ര നിയമലംഘനമാണെന്നു കാണിച്ച് ശബരിമല സ്‌പെഷൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത് ചൊവ്വാഴ്ചയായിരുന്നു. ഈവിവരം പുറത്തുവന്നതോടെ അന്നുരാത്രി 10.59-നാണ് എഫ്‌ഐആർ തയ്യാറാക്കിയത്. ട്രാക്ടറിൽ കയറിയ എഡിജിപി അടക്കമുള്ളവരുടെ പേരുകൾ ഇല്ല. പ്രതി പേരില്ലാത്ത ഡ്രൈവർമാത്രം. എഡിജിപി നിയമലംഘനം കാണിച്ചെന്ന് ഹൈക്കോടതി പറഞ്ഞ പശ്ചാത്തലത്തിൽ അദ്ദേഹത്തെയും പ്രതിയാക്കേണ്ടിവരും.
എഡിജിപിയുടെ ട്രാക്ടർ യാത്ര ദൗർഭാഗ്യകരം -ഹൈക്കോടതി
എഡിജിപി എം.ആർ. അജിത്‌കുമാർ ശബരിമല ദർശനത്തിനായി ട്രാക്ടർ യാത്ര നടത്തിയത് ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി. സുരക്ഷ കണക്കിലെടുത്ത് ശബരിമലയിൽ ട്രാക്ടറുകളിൽ ആളെ കയറ്റുന്നത് വിലക്കിയിരുന്നു. ഇത് ലംഘിക്കപ്പെട്ടെന്നും കോടതി പറഞ്ഞു.
സംഭവത്തിൽ ശബരിമല ചീഫ് പോലീസ് കോഡിനേറ്ററോട് വിശദീകരണം ഫയൽ ചെയ്യാനും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളീകൃഷ്ണയും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു.
എഡിജിപി ശബരിമലയിലേക്കും തിരിച്ചും പോലീസ് വകുപ്പിന്റെ ട്രാക്ടറിൽ യാത്ര നടത്തിയെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് കോടതി വിഷയം പരിഗണിച്ചത്. 12, 13 തീയതികളിലായിരുന്നു യാത്ര.
എഡിജിപിയിൽനിന്ന് സംസ്ഥാന പോലീസ് മേധാവി വിശദീകരണം തേടിയിട്ടുണ്ടെന്നും ട്രാക്ടർ ഡ്രൈവറുടെപേരിൽ പമ്പ പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഡ്രൈവറാണോ യാത്രക്കാരനാണോ കുറ്റക്കാരനാകുകയെന്ന് കോടതി ആരാഞ്ഞു. ആരോഗ്യപ്രശ്നങ്ങളുള്ളവർക്കായി സന്നിധാനത്ത് ആംബുലൻസ് ലഭ്യമാണല്ലോയെന്നും കോടതി പറഞ്ഞു. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.


