തിരുവനന്തപുരം: ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബര്‍ 24 വരെ ശബരിമലയില്‍ വരുമാനമായി ലഭിച്ചത് 156.60 കോടി രൂപയായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 9,09,14,893 രൂപ മാത്രമാണ് ലഭിച്ചതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ആറു മാസത്തിനിടയില്‍ സര്‍ക്കാര്‍ നല്‍കിയ പണം കൊണ്ടാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി.
നിത്യച്ചിലവുകള്‍ക്ക് മാത്രം ബോര്‍ഡിന് ചിലവാകുന്ന തുക ഏകദേശം 50 ലക്ഷം രൂപയാണ്. എന്നാല്‍ പുതിയ കണക്കനുസരിച്ച് വെറും 19 ദിവസത്തെ ദൈനംദിന ചിലവുകള്‍ക്കുള്ള പണം മാത്രമാണ് വരുമാനമായി ലഭിച്ചിട്ടുള്ളത്. ഈ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയത് വെറും 71,706 പേര്‍ മാത്രമാണ്. ഇതില്‍ 390 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ശബരിമലയില്‍ വെര്‍ച്ച്വല്‍ ക്യൂ വഴി 5000 പേര്‍ക്ക് ദിനംപ്രതി ദര്‍ശനം നടത്താന്‍ അനുവാദം നല്‍കാന്‍ തീരുമാനിച്ചെങ്കിലും അതൊന്നും നഷ്ടം നികത്താന്‍ പര്യാപതമല്ല എന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.
ശബരിമല തീര്‍ഥാടകരുടെ എണ്ണം കൂട്ടിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയതും ബോര്‍ഡിന് വീണ്ടും തിരിച്ചടിയാവും. ദിനംപ്രതി 3000 പേരെ വരെ ശബരിമല ദര്‍ശനത്തിന് അനുവദിക്കാം എന്നതാണ് സര്‍ക്കാര്‍ നിലപാട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 5000 പേര്‍ക്ക് വരെ ദര്‍ശനം അനുവദിക്കാം എന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതില്‍ കൊടുത്ത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സുപ്രീം കോടതി വിധി വരും വരെ 5000 പേരെ ഒരു ദിവസം ദര്‍ശനത്തിന് അനുവദിക്കാനാണ് നിലവില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം.