തിരുവനന്തപുരം:ഇത്തവണത്തെ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരപ്രദേശത്തും 10,017 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കും. അഞ്ച് ഘട്ടങ്ങളിലായാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ്.പി, എ.എസ്.പി തലത്തില്‍ 24 പേരും 112 ഡി.വൈ.എസ്.പി മാരും 264 ഇന്‍സ്പെക്ടര്‍മാരും 1185 എസ്.ഐ/എ.എസ്.ഐ മാരും സംഘത്തിലുണ്ടാകും. 307 വനിതകള്‍ ഉള്‍പ്പെടെ 8402 സിവില്‍ പോലീസ് ഓഫീസര്‍മാരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും സുരക്ഷയ്ക്കായി എത്തും. വനിതാ ഇന്‍സ്പെക്ടര്‍, എസ്.ഐ തലത്തില്‍ 30 പേരേയും നിയോഗിച്ചിട്ടുണ്ട്.
നവംബര്‍ 15 മുതല്‍ 30 വരെയുള്ള ഒന്നാം ഘട്ടത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവടങ്ങളിലായി 2551 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതല നിര്‍വ്വഹിക്കുക. ഇവരില്‍ മൂന്നുപേര്‍ എസ്.പി തലത്തിലുള്ള പോലീസ് കണ്‍ട്രോളര്‍മാരും രണ്ട് പേര്‍ എ.എസ്.പി തലത്തിലുളള അഡീഷണല്‍ പോലീസ് കണ്‍ട്രോളര്‍മാരുമാണ്. കൂടാതെ ഡി.വൈ.എസ്.പി റാങ്കിലുളള 23 പേരും ഡ്യൂട്ടിയിലുണ്ടാകും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 2539 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഡിസംബര്‍ 14 മുതല്‍ 29 വരെ 2992 പേരും ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 3077 പേരും ഡ്യൂട്ടിയിലുണ്ടാകും.
കൂടാതെ, തീര്‍ത്ഥാടന കാലത്ത് സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലായി 1560 സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടാകും.