പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്നാട് മൈലാടുതുറൈ ജില്ലയിലെ മായാരത്തുനിന്നുള്ള തീര്‍ഥാടകരുടെ ബസാണ് അപകടത്തിൽപെട്ടത്. പത്തനംതിട്ട ഇലവുങ്കലില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.
ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ഇലവുങ്കല്‍-എരുമേലി റോഡില്‍ മൂന്നാം വളവിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. വളവുതിരിയുന്നതിടെ നിയന്ത്രണം വിട്ട ബസ് ഒരുവശത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.
9 കുട്ടികളും വയോധികരും ഉള്‍പ്പെടെ 64 പേരാണ് ബസിലുണ്ടായിരുന്നത്. 64 പേർക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതിൽ ഡ്രൈവറുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും മാറ്റി.
ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വാഹനങ്ങളുടെ കുറവ് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.
ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തെന്നും ഒരാളുടെ നില ഗുരുതരമെന്ന് മനസ്സിലാക്കുന്നതായും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. എല്ലാ സജ്ജീകരണവും ഒരുക്കിയതായും മന്ത്രി അറിയിച്ചു. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തും. സജ്ജമാകാന്‍ കോട്ടയം മെഡിക്കല്‍ കോളജിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.