ശബരിമല: സൂര്യഗ്രഹണത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല നട ഇന്ന് നാല് മണിക്കൂര്‍ അടച്ചിടും. ശബരിമല, മാളികപ്പുറം, പമ്പ ക്ഷേത്രങ്ങള്‍ രാവിലെ 7.30 മുതല്‍ 11.30 വരെയാണ് അടച്ചിടുക. രാവിലെ 8.06 മുതല്‍ 11.13 മണി വരെയാണ് സൂര്യഗ്രഹണം. 26ന് രാവിലെ 6.45 മുതല്‍ പമ്പയില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് മല ചവിട്ടാന്‍ അനുവാദമില്ല. രാവിലെ ഏഴ് മുതല്‍ നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പമ്പയിലേക്ക് പോകുന്നത് നിയന്ത്രിക്കും. ഗ്രഹണം കഴിഞ്ഞ് 11.30ന് ക്ഷേത്രനട തുറക്കും. പുണ്യാഹവും കലശാഭിഷേകവും നടക്കും. തുടര്‍ന്ന് 1 മണിക്കൂര്‍ സമയം നെയ്യഭിഷേകം ഉണ്ടായിരിക്കും. ഉച്ചപൂജയ്ക്ക് ശേഷം നട അടയ്ക്കും
വൈകിട്ട് 5 മണിക്ക് നട തുറക്കും. 6 മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ആചാരപൂര്‍വ്വമുള്ള സ്വീകരണം നല്‍കും. തുടര്‍ന്ന് തങ്ക അങ്കിപ്പെട്ടി ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. 27ന് 10നും 11.40നും ഇടയ്ക്കുള്ള കുംഭം രാശിയിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ.