ശബരിമല സ്വർണപ്പാളി കവർച്ച;ഉണ്ണികൃഷ്ണൻ പോറ്റിയടക്കം 10 പ്രതികൾ

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി കവർച്ചയിൽ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർചെയ്തു. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയടക്കം പത്തുപേരാണ് പ്രതികൾ. പോറ്റിയെ ഉടൻ അറസ്റ്റുചെയ്തേക്കും.

വാതിൽപ്പടിയിലെ സ്വർണംപതിപ്പിച്ച പാളികളും ദ്വാരപാലകശില്പത്തിലെ പാളികളും ഇളക്കിയെടുത്ത് കൊണ്ടുപോയതിനാണ് രണ്ട് കേസുകളെടുത്തത്. ആദ്യത്തെ സംഭവം 2019 മാർച്ചിലും രണ്ടാമത്തേത് ജൂലായിലും നടന്നതുകൊണ്ടാണ് രണ്ടു എഫ്‌ഐആറുകൾ. രണ്ടിലും ഒന്നാംപ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. ദേവസ്വം വിജിലൻസ് നൽകിയ രേഖകളിലുള്ള ഒൻപത് ദേവസ്വം ഉദ്യോഗസ്ഥരെയും പ്രതിചേർത്തു. പാളികൾ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചവരാണിവർ. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്. അഴിമതിനിരോധനം, കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേർത്തത്.

സ്വർണംപൂശിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് അധികൃതരെ നിലവിൽ പ്രതിചേർത്തിട്ടില്ല. പാളികളിലെ സ്വർണം ഉരുക്കിയെടുത്തെന്നാണ് സ്മാർട്ട് ക്രിയേഷൻസ് എംഡി പങ്കജ് ഭാണ്ഡാരി ദേവസ്വം വിജിലൻസിന് മൊഴി നൽകിയത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേവസ്വം ഉദ്യോഗസ്ഥരെ പ്രതിചേർത്തത്. ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ മറ്റുചില ഉദ്യോഗസ്ഥരെക്കുറിച്ചും പരാമർശങ്ങളുണ്ട്. ഇവരെയും ചോദ്യംചെയ്യും. ആവശ്യമെങ്കിൽ കൂടുതൽപ്പേരെ പ്രതിചേർത്തേക്കും.

മറ്റു പ്രതികൾ

ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ബി. മുരാരി ബാബു, അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽകുമാർ, ദേവസ്വം ബോർഡ് മുൻസെക്രട്ടറി എസ്. ജയശ്രീ, തിരുവാഭരണം മുൻകമ്മിഷണർമാരായ കെ.എസ്. ബൈജു, ആർ.ജി. രാധാകൃഷ്ണൻ, മുൻ എക്സിക്യുട്ടീവ് ഓഫീസർമാരായ ഡി. സുധീഷ് കുമാർ, വി.എസ്. രാജേന്ദ്രപ്രസാദ്, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായിരുന്ന എസ്. ശ്രീകുമാർ, കെ. രാജേന്ദ്രൻ നായർ. മുരാരി ബാബുവും സുനിൽകുമാറും ഒഴിച്ചുള്ളവരെല്ലാം സർവീസിൽനിന്ന് വിരമിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News