പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു റിമാൻഡിൽ. ഗുരുതര കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും ഇതുവഴി ബോർഡിന് നഷ്ടമുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കട്ടിളപ്പാളിയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് മൂന്നാം പ്രതിയായ എൻ. വാസുവിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോടതിയാണ് എൻ. വാസുവിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലാകുന്ന ആദ്യ ഉന്നതനാണ് എൻ. വാസു.
സ്വർണം പൊതിഞ്ഞ പാളികൾ എന്നത് രേഖയിൽനിന്ന് ഒഴിവാക്കി ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തിയാണ് നവീകരണത്തിന് ശുപാർശ നൽകിയതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ എൻ. വാസു ഇടപെടൽ നടത്തിയെന്നും എസ്ഐടി കോടതിയിൽ അറിയിച്ചു. ഇതര പ്രതികളുമായി ചേർന്ന് എൻ. വാസു ഗുഢാലോചന നടത്തിയെന്ന കാര്യം തെളിഞ്ഞിട്ടുണ്ടെന്നും എസ്ഐടി പറയുന്നു.
വൈകുന്നേരം 7.10-ഓടെയാണ് എൻ. വാസുവുമായി പ്രത്യേകാന്വേഷണ സംഘം പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്. റാന്നി കോടതി അവധി ആയതിനാലാണ് പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയത്. ചേംബറിലാണ് ജഡ്ജിക്കുമുന്നിൽ എൻ. വാസുവിനെ ഹാജരാക്കിയത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, സ്വർണ മോഷണം അടക്കമുള്ള കുറ്റങ്ങൾ എൻ. വാസുവിനെതിരേ ചുമത്തിയിട്ടുണ്ട്.
ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ കമ്മിഷണറായിരുന്ന വാസു 2019 മാർച്ച് 19-ന് നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വാസുവിനെ കേസിൽ മൂന്നാം പ്രതിയാക്കിയത്. അധികംവന്ന സ്വര്‍ണം സ്‌പോണ്‍സറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്ന ആരോപണം.


