തിരുവനന്തപുരം: ശബരിമലയിലെ സ്പോൺസർഷിപ്പ് ഇടപാടുകളിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിഗമനം. തട്ടിപ്പിന് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരടക്കം കൂട്ടുനിന്നു. സ്വർണ്ണക്കവർച്ചയിലൂടെയും മറ്റും ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തി. വിജയ് മല്യ സ്വർണം പൂശിയതായി പറയുന്ന 1998 കാലഘട്ടത്തെ പല നിർണായക രേഖകളും കഴിഞ്ഞ ദിവസം നടത്തിയ ഇ.ഡി. റെയ്ഡിൽ കണ്ടെടുത്തായാണ് വിവരം.
കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തിയത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആയിരത്തോളം രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. സിആർപിഎഫ് ഭടന്മാരടക്കം നൂറോളം ഉദ്യോഗസ്ഥരാണ് ഒരേസമയംനടന്ന റെയ്ഡിന്റെ ഭാഗമായത്. ചെന്നൈ അമ്പത്തൂരിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനി, സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഓഫീസ്, വീട്, അമ്പത്തൂർ, വെപ്പേരി എന്നിവിടങ്ങളിലെ ജൂവലറികൾ എന്നിവയിലും സ്വർണവ്യാപാരി ഗോവർധന്റെ ബെള്ളാരിയിലെ വീട്, ബെംഗളൂരുവിലെ ജൂവലറി, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശ്രീറാംപുരയിലെ വാടകവീട് എന്നിവിടങ്ങളിലും റെയ്ഡുനടന്നു. സ്പോൺസർഷിപ്പ് ഇടപാടുകളിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് വ്യക്തമാകുന്ന രേഖകളും കണ്ടെടുത്തതായാണ് സൂചന.
തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനം, പുളിമാത്തുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, വെഞ്ഞാറമൂട്ടിലെ അദ്ദേഹത്തിന്റെ സഹോദരി മിനിയുടെ വീട്, തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ്. ബൈജുവിന്റെ വീട് തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡുനടന്നത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് മരാമത്ത് വിഭാഗത്തിലും ദേവസ്വം കമ്മിഷണറുടെ ഓഫീസിലുമാണ് വിശദപരിശോധന നടന്നത്. ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ. പദ്മകുമാറിന്റെ ആറന്മുളയിലെ വീട്, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ തിരുവല്ല മുത്തൂരിലെ വീട്, ഇവരുടെതന്നെ എറണാകുളം കാക്കനാടുള്ള ഫ്ളാറ്റ്, മുൻ എക്സിക്യുട്ടീവ് ഓഫീസർമാരായ മുരാരിബാബുവിന്റെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്, രാജേന്ദ്രപ്രസാദിന്റെ അങ്കമാലി കോതകുളങ്ങരയിലെ വീട് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും റെയ്ഡ് നടന്നത്.
പ്രാഥമികമായി സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി. അന്വേഷിക്കുന്നത്. കൊടിമരം മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഇ.ഡി. അന്വേഷണപരിധിയിൽ കൊണ്ടുവരുമെന്നാണ് സൂചന. തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ റെയ്ഡ് പതിനാല് മണിക്കൂറിലേറെ നീണ്ടുനിന്നു. സ്വർണപ്പാളി, ദ്വാരപാലക ശില്പം, കൊടിമരം മാറ്റി സ്ഥാപിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തു. ദേവസ്വം വിജിലൻസിൽ നിന്ന് ഇ.ഡി. സുപ്രധാന വിവരശേഖരണവും നടത്തിയിട്ടുണ്ട്. മിനിറ്റ്സ് തിരുത്തലുമായി ബന്ധപ്പെട്ട രേഖകളും ഇ.ഡി.ക്ക് ലഭിച്ചതായാണ് വിവരം.
പൊതുമേഖലാബാങ്കിൽനിന്നുള്ള രണ്ട് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തിയാണ് ഒരോവീട്ടിലും അഞ്ചുവീതം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 13 മണിക്കൂർ റെയ്ഡ് നീണ്ടു. ഇവിടങ്ങളിൽനിന്നെല്ലാം പിടിച്ചെടുത്ത രേഖകൾ ഇഡി കൊച്ചി മേഖലാ ഓഫീസിൽ പരിശോധിക്കും. കൂടുതൽ രേഖകൾ ആവശ്യമെങ്കിൽ ഇവരെ വിളിച്ചുവരുത്തും. മൊഴിയെടുക്കുകയുംചെയ്യും. പ്രതികളിൽ ചിലരുമായി ബന്ധപ്പെട്ട രേഖകൾ എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്. ഈ രേഖകൾ കോടതി മുഖാന്തരം ഇ.ഡി. ആവശ്യപ്പെടും.


