പത്തനംതിട്ട: സന്നിധാനത്തെ പൊട്ടിത്തെറിക്ക് കാരണം വെടിപ്പുരയിൽ നിന്ന് തീ പടർന്നതാകാമെന്നാണ് ശബരിമല എഡിഎമ്മിൻ്റെ റിപ്പോർട്ട്. മാളികപ്പുറത്തിന് സമീപമുള്ള വെടിപ്പുരയിലെ പൊട്ടിത്തെറിക്ക് പിന്നിൽ അട്ടിമറിയോ സുരക്ഷ വീഴ്ചയോ ഇല്ലെന്നാണ് ശബരിമല എഡിഎം പി വിഷ്ണുദേവിൻ്റ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
പത്തനംതിട്ട ജില്ലാ കളക്ടർക്ക് കൈമാറാനുള്ള എഡിഎമ്മിൻ്റെ പ്രാഥമിക റിപ്പോർട്ടിലാണ് പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്. പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ മാളികപ്പുറത്തെ വെടിവഴിപാട് നിർത്തി വെച്ചിരിക്കുകയാണ്.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിച്ചു വരികയാണ്. അപകടത്തിൽ ദേവസ്വം മന്ത്രി പത്തനംതിട്ട കളക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് എഡിഎം അന്വേഷണ റിപ്പോർട്ട് കൈമാറുന്നത്.
പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ ജയകുമാർ ഉൾപ്പെടെയുള്ള മൂന്നു പേർ കോട്ടയം മെഡിക്കൽ കോളജ് ആസുപത്രിയിൽ ചികിത്സയിലാണ്. 70 ശതമാനം പൊള്ളലേറ്റ ജയകുമാറിന്റെ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകിട്ട് ആണ് മാളികപ്പുറത്തിന് പിന്നിൽ വെടിപ്പുരക്ക് തീ പിടിച്ചത്.
ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്.
മകരവിളക്ക് കാലത്തുണ്ടാകുന്ന തിരക്ക് പരിഗണിച്ച് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഭക്തജന സംഘടനകൾ ആവശ്യപ്പെട്ടു. മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സുരക്ഷ വര്‍ധിപ്പിക്കാന്‍ സന്നിധാനത്തെ വെടിപ്പുരകളിലും, ഹോട്ടലുകളിലും സന്നിധാനം എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് എന്‍ രാംദാസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കര്‍ശമായി പാലിക്കാന്‍ വെടിവഴിപാട് നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കി. വൈദ്യുതി കടന്നു പോകുന്ന കേബിളുകള്‍ വെടിത്തട്ടിലും വെടിപ്പുരയിലും ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഒരു കിലോയിലയധികം വെടിമരുന്ന് ഇവിടെ സൂക്ഷിക്കരുത്. കതിന നിറക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചു.
ഹോട്ടലുകളില്‍ അഞ്ചിലധികം ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ല. തുടര്‍ പരിശോധനയില്‍ സ്ഫോടകവസ്തു നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ കട അടപ്പിക്കും. തീപ്പിടുത്തം ഒഴിവാക്കാന്‍ തൊഴിലാളികള്‍ക്ക് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കും. ഇതിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാചകപ്പുരകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഫയര്‍ഫോഴ്‌സ്, പോലീസ്, ആരോഗ്യം, റവന്യു എന്നീ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ കെ ആര്‍ അഭിലാഷ്, ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ കെ എന്‍ സതീശന്‍, ആരോഗ്യ വിഭാഗം സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍ ജി അമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.