കൊച്ചി: ശബരിമല യുവതീപ്രവേശനത്തിനെതിരായി നിര്‍മ്മാണം സാധ്യമല്ലെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയോടെ ശബരിമല വിഷയത്തില്‍ ബി.ജെ.പി വീണ്ടും പ്രതിരോധത്തില്‍. ശശി തരൂര്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്ര നിലപാടിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും രംഗത്തെത്തി.
കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിയമാനുസൃതമാണെന്നും. കോടതിയുടെ പരിഗണനയിലുള്ള ഒരു കാര്യത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി.ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോകില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴുള്ളത്. ഇതോടെ വിവാദങ്ങള്‍ അവസാനിച്ചതായും സമരങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മടിക്കുന്നുവെന്ന വാദം അജ്ഞത കൊണ്ടാണെന്നും ശ്രീധരന് പിള്ള പറഞ്ഞു.
എന്നാല്‍ ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ആവശ്യപ്പെട്ടു. വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാലാണ് നിയമമന്ത്രി അങ്ങനെ പറഞ്ഞത്. പാര്‍ലമെന്റിന് നിയമം ഉണ്ടാക്കാനാകും. ഇത്തരത്തില്‍ എത്രയോ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ ബി.ജെ.പി വ്യക്തമാക്കിയിരുന്നു.ഇക്കാര്യം കേരളത്തില്‍ പ്രചരണത്തിനെത്തിയ കേന്ദ്രനേതാക്കളും വ്യക്തമാക്കിയിരുന്നു.ഇതിനുശേഷമാണ് ശബരിമലയില്‍ കേന്ദ്രം മലക്കം മറിഞ്ഞിരിയ്ക്കുന്നത്.