ചെന്നൈ എഗ്മോർ : കൊല്ലം ശബരി സ്പെഷ്യൽ ട്രെയിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു. പ്രധാന ശബരിമല ഇടത്താവളമായ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദിവസവും എത്തിച്ചേരുന്നത്. ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്നും പമ്പ സ്പെഷ്യൽ കെ എസ് ആർ ടി സി യും സർവീസ് നടത്തുന്നുണ്ട്.
ഏറ്റുമാനൂർ – പാലാ – പൊൻകുന്നം എരുമേലി വഴി പമ്പയിലേയ്ക്ക് ഗതാഗതകുരുക്കുകളില്ലാതെ എത്തിച്ചേരാമെന്നത് ഏറ്റുമാനൂർ സ്റ്റോപ്പിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഈ വർഷം കൂടുതൽ ശബരി സ്പെഷ്യലും കോട്ടയം വരെയാണ് സർവീസ് നടത്തിയത്.
ഏറ്റുമാനൂർ ക്ഷേത്രത്തിലേക്ക് കൂടുതൽ ആളുകൾ എത്തിച്ചേരിന്നതിന് അതും ഒരു കാരണമായി മാറുകയായിരുന്നു. ഏറ്റുമാനൂർ ക്ഷേത്രവും കടപ്പാട്ടൂർ ക്ഷേത്രവും അയ്യപ്പദർശനത്തിന് എത്തുന്നവരുടെ പ്രധാന ഇടത്താവളങ്ങൾ ആണ്.
റെയിൽ മാർഗ്ഗം കോട്ടയത്ത് നിന്ന് ചെങ്ങന്നൂർ വരെ സഞ്ചരിക്കാനുള്ള 35 കിലോമീറ്റർ ദൂരം റോഡ് മാർഗ്ഗമുള്ള (ചെങ്ങന്നൂർ-പമ്പ, കോട്ടയം- പമ്പ ) 10 കിലോമീറ്റർ വ്യത്യാസത്തെ മറികടക്കുന്നു. കെ.കെ റോഡ് മാർഗ്ഗവും പാലാ വഴിയ്ക്കും പമ്പയിലേയ്ക്ക് അതിവേഗം എത്തിച്ചേരാൻ സാധിക്കും.
വരും വർഷങ്ങളിൽ ഏറ്റുമാനൂരിൽ കൂടുതൽ ശബരി സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് പ്രതീക്ഷിക്കാവുന്നതാണ്. ആനുപാതികമായി ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്ന് പമ്പ സർവീസുകൾ അധീകരിപ്പിക്കേണ്ടതാണ്
ട്രെയിൻ നമ്പർ 06127 ശബരി സ്പെഷ്യൽ ഡിസംബർ 22, 24 (വെള്ളി, ഞായർ ) ദിവസങ്ങളിൽ ചെന്നൈ എഗ്മോറിൽ നിന്ന് കൊല്ലത്തേയ്ക്ക് സർവീസ് നടത്തും. ഏറ്റുമാനൂരിൽ ഉച്ചയ്ക്ക് 01.22 എത്തിച്ചേരുന്നതാണ്.
ട്രെയിൻ നമ്പർ 06128 ശബരി സ്പെഷ്യൽ ഡിസംബർ 23, 25 (ശനി, തിങ്കൾ) ദിവസങ്ങളിൽ കൊല്ലത്ത് നിന്ന് ചെന്നൈ എഗ്മോറിലേയ്ക്ക് സർവീസ് നടത്തും. ഏറ്റുമാനൂരിൽ രാത്രി 09.50 ന് എത്തി 09.52 ന് പുറപ്പെടുന്ന വിധമാണ് സമയം ക്രമീകരിച്ചിരുന്നത്.പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം വെയ്റ്റിംഗ് ലിസ്റ്റ് കടന്നത് സർവീസ് വർദ്ധിപ്പിക്കാനുള്ള പ്രതീക്ഷ നൽകുന്നുണ്ട്.