ന്യൂഡൽഹി: കൂടുതൽ സംസ്ഥാനങ്ങളിൽ കോവിഡ് വാക്സിൻ ഡോസുകളുടെ കുറവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വാക്സിൻ ക്ഷാമം പരിഹരിക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ഈ വർഷം തന്നെ അഞ്ച് വാക്സിനുകൾക്ക് അനുമതി നൽകിയേക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.
ഈ വർഷം മൂന്നാം പാദത്തോടെ അഞ്ച് വാക്സിനുകൾ കൂടി പ്രതീക്ഷിക്കാമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. സ്പുട്നിക് വി, ജോൺസൺ ആൻഡ് ജോൺസൺ, നൊവാക്സ്, സിഡസ് കാഡില, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നൽകുന്ന വാക്സിൻ എന്നിവയാണവ. വാക്സിനുകൾക്ക് അടിയന്തര ഉപയോഗ അംഗീകാരം നൽകുമ്പോൾ സുരക്ഷയും ഫലപ്രാപ്തിയുമാണ് കേന്ദ്ര സർക്കാരിന്റെ പ്രാഥമിക പരിഗണനയെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ക്ലിനിക്കൽ, പ്രീ-ക്ലിനിക്കൽ ഘട്ടങ്ങളിലുള്ള 20 ഓളം കോവിഡ് വാക്സിനുകളിൽ സ്പുട്നിക് വി വാക്സിനാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ആദ്യം ലഭിക്കുകയെന്നാണ് വിവരം. അടുത്ത പത്ത് ദിവസത്തിനുള്ളിൽ സ്പുട്നിക് വാകിസിന് ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാക്സിൻ ഡോസുകൾ നിർമിക്കുന്നതിനായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെട്രോ ബയോഫാർമ, ഗ്ലാന്റ് ഫാർമ, സ്റ്റെലിസ് ബയോഫാർമ, വിക്രോ ബയോടെക് തുടങ്ങിയ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർ.ഡി.എഫ്.) ധാരണയിലെത്തിയിട്ടുണ്ട്.
ജൂൺ മാസത്തോടെ സ്പുട്നിക് വാക്സിൻ ഉപയോഗത്തിനായി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ, സിഡസ് കാഡില എന്നിവ ഓഗസ്റ്റിലും സെപ്റ്റംബറോടെ നൊവാക്സും ഒക്ടോബറിൽ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നൽകുന്ന വാക്സിനും ലഭ്യമാകുമെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.