NationalNews

ഇന്ത്യക്ക് റഷ്യയുടെ അഭിനന്ദനം, നേരിട്ട് അറിയിച്ച് പുടിൻ’; ചന്ദ്രയാൻ 3 ബഹിരാകാശ രംഗത്തെ വലിയ കാൽവെയ്പ്പ്’

മോസ്ക്കോ: ബഹിരാകാശ രംഗത്തെ ചന്ദ്രയാൻ 3 ന്‍റെ ചരിത്ര നേട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് റഷ്യ. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ അഭിനന്ദനവുമായി രംഗത്തെത്തിയത്.

ബഹിരാകാശ രംഗത്ത് വലിയ കാൽവയ്പെന്നാണ് പുടിൻ അഭിപ്രായപ്പെട്ടത്. ഐ എസ് ആർ ഒ നേതൃത്വത്തെ ആശംസകൾ അറിയിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു. രാഷ്ട്രപതി ദ്രൌപതി മുർമ്മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമാണ് പുടിൻ സന്ദേശം അയച്ചത്.

നേരത്തെ ചന്ദ്രയാൻ 3  ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും കൈയ്യടി നേടിയിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായതോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് ബ്രിക്ക്സ് ഉച്ചകോടിയിൽ ആശംസയും അനുമോദനവും ലഭിച്ചത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ,  ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവ എന്നിവർ അനുമോദനം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയായിരുന്നു.

ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കാനായതിന്‍റെ സന്തേഷം പങ്കിട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തുകയും ചെയ്തു. വൈകിട്ട് 5.45ന് തുടങ്ങിയ ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യക്ക് അഭിമാന നേട്ടം സ്വന്തമായെന്ന് അദ്ദേഹം വിവരിച്ചു. ദക്ഷിണാഫ്രിക്കിയിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി ചന്ദ്രയാൻ 3 ന്‍റെ അഭിമാന നേട്ടത്തിൽ ഐ എസ് ആർ ഒ ഉദ്യോഗസ്ഥരെ വീഡിയോ കോൺഫറൻസ് വഴി അഭിനന്ദനം അറിയിക്കുകയും ചെയ്തു.

ഇന്ത്യയുടെ ചരിത്രപരമായ ചാന്ദ്രയാൻ ദൌത്യ വിജയം വാർത്തയാക്കിയത് നാമമാത്രമായ പാക് മാധ്യമങ്ങൾ. ദി ഡോൺ, ട്രിബ്യൂൺ, ദി ന്യൂസ് തുടങ്ങിയ മാധ്യമങ്ങളാണ് ചാന്ദ്ര ദൌത്യം വിജയം തൊട്ടത് വാർത്തയാക്കിയത്. ഇന്ത്യയുടെ ചരിത്രപരമായ നേട്ടമാണെന്ന് ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ചന്ദ്രയാൻ -3 ചന്ദ്രനിൽ,  ഇന്ത്യയുടെ ചരിത്രപരമായ മുഹൂർത്തം’  എന്നാണ് ട്രിബ്യൂൺ തലക്കെട്ട് നൽകിയത്. ഐഎസ്ആർ ഓയുടെ ചരിത്ര നേട്ടമെന്നാണ് ദി ന്യൂസ് നൽകിയ വാർത്തയിൽ ചാന്ദ്രയാൻ വിജയത്തെ കുറിച്ച് പറുന്നത്. അതേസമയം ചെറുതും വലുതുമായി മിക്ക പാക് ഓൺലൈൻ മാധ്യമങ്ങളും ചാന്ദ്രയാനെ കണ്ടതായി നടിച്ചിട്ടില്ല. പ്രധാന വാർത്തയ്ക്കൊപ്പം ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് ചെയ്ത ചന്ദ്രയാനെ കുറിച്ച് ഡോൺ മറ്റൊരു വാർത്തയും നൽകിയിട്ടുണ്ട്.

അതിനിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചാന്ദ്ര ദൌത്യത്തിന് വലിയ സ്വീകരണമാണ് പാക്കിസ്ഥാൻ സ്വദേശികൾ  നൽകിയത്. ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേർ കുറിപ്പുകൾ പങ്കുവച്ചു. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ പ്രകീർത്തിച്ച് പാകിസ്താൻ മുൻ മന്ത്രി ഫവാദ് ചൗധരി രംഗത്തെത്തിയിരുന്നു. ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികൾ പാക് മാധ്യമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. 

അതേസമയം, ഇന്ത്യയുടെ വിജയം പ്രധാന വിദേശമാധ്യമങ്ങളെല്ലാം വൻപ്രാധാന്യത്തോടെയാണ് നല്കിയത്. ഗ്ലോബൽ സൗത്ത് എന്നറിയപ്പെടുന്ന വികസിത രാജ്യങ്ങളുടെ കൂട്ടായ നീക്കങ്ങൾക്ക് നേതൃത്വം നല്കാനും ഈ നേട്ടം ഇന്ത്യയ്ക്ക് കരുത്തു പകരും. സിഎൻഎൻ, ബിബിസി, അൽജസീറ തുടങ്ങി പ്രധാന വിദേശമാധ്യമങ്ങളെല്ലാം വിക്രം ചന്ദ്രനിൽ ഇറങ്ങിയതും ഇന്ത്യയിലെ ആഘോഷവും തത്സമയമാണ് നല്കിയത്. സമീപകാലത്ത് ഇന്ത്യയുടെ ഒരു നേട്ടവും ഇതു പോലെ ലോകമെങ്ങും ചലനമുണ്ടാക്കിയില്ല. റഷ്യൻ ദൗത്യത്തിൻറെ പരാജയത്തിനു ശേഷമാണ് സൗത്ത് പോളിനടുത്ത് ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യം എന്ന ഈ ബഹുമതി ഇന്ത്യ സ്വന്തമാക്കിയത് എന്നതും ലോകം ഈ നിമിഷങ്ങൾ ശ്രദ്ധിക്കുന്നതിന് കാരണമാണ്. 

കൊവിഡിനു ശേഷം ഇന്ത്യൻ വിപണി പല പാശ്ചാത്യ രാജ്യങ്ങളെയും ആകർഷിക്കുന്നുണ്ട്. വിമാനങ്ങൾക്കായുള്ള കരാറുകളും ആയുധ ഇടപാടുകളും അമേരിക്ക ഫ്രാൻസ് റഷ്യ തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യയോട് ചേർത്ത് നിർത്തുന്നു. സാമ്പത്തിക ശക്തിയായി വളരാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് ഈ ശാസ്ത്രനേട്ടവും കുതിപ്പാകും. 

ജി20 ഉൾപ്പടെ ലോക കൂട്ടായ്മകളിൽ ഇന്ത്യയുടെ ശബ്ദത്തിന് കൂടുതൽ സ്വീകാര്യത കിട്ടും. ഐക്യരാഷ്ട്രസഭയുൾപ്പടെ അന്താരാഷ്ട സംഘടനകളുടെ പൊളിച്ചെഴുത്ത് എന്ന വാദത്തിനും ഇത് കരുത്താകും. ഗ്ലോബൽ സൗത്ത് എന്ന് വിശേഷിപ്പിക്കുന്ന വികസിത രാജ്യങ്ങൾക്കെല്ലാം ഇത്തരം ഉദ്യമങ്ങൾക്ക് ചന്ദ്രയാൻ പ്രേരണയാകുമെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. മൂന്നാം ലോക പ്രതീക്ഷകളുടെ നേതൃസ്ഥാനത്തേക്കുയരാനുള്ള അവസരമാക്കി ഈ വലിയ നേട്ടം മാറ്റും എന്ന സൂചന കൂടിയാണ് പ്രധാനമന്ത്രി ഇതിലൂടെ നല്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button