ബെയ്ജിംഗ്:യുക്രെെനിൽ റഷ്യ നടത്തുന്ന സെെനിക നീക്കങ്ങളെ അധിനിവേശമെന്ന് വിളിക്കുന്നത് എതിർത്ത് ചെെന. യുക്രെെനിലെ നിലവിലെ സാഹചര്യത്തെ എങ്ങനെ അധിനിവേശമെന്ന് നിരീക്ഷിക്കും. യുക്രെെനിലെ പ്രശ്‌നത്തിന് വളരെ സങ്കീർണ്ണമായ മറ്റൊരു ചരിത്ര പശ്ചാത്തലമുണ്ട്. അത് ഇന്നും തുടരുകയാണ്. പക്ഷേ അത് എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത് ആയിരിക്കില്ലെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുൻയിംഗ് പറഞ്ഞു.
യുക്രെെനിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുൻയിംഗ് പറഞ്ഞത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുന്നത് തടയാൻ സംയമനം പാലിക്കാൻ ഞങ്ങൾ എല്ലാ ഭാഗത്തുനിന്നും ആവശ്യപ്പെടുകയാണെന്നായിരുന്നു ചെെന അറിയിച്ചത്. ഇത് ചൈനയും പാശ്ചാത്യരും തമ്മിലുള്ള വ്യത്യാസമായിരിക്കാമെന്നും ചെെന തിടുക്കത്തിൽ ഒരു നിഗമനത്തിലേക്ക് പോകില്ലെന്നും ഹുവാ ചുൻയിംഗ് പറഞ്ഞു.
എല്ലാ കക്ഷികളും സംയമനം പാലിക്കണം. ചെെനീസ് പൗരന്മാരോട് വീടുകളിൽ സുരക്ഷിതമായി കഴിയണമെന്നും ചെെന ആവശ്യപ്പെട്ടു. അത്യാവശ്യമായി എവിടെയെങ്കിലും വാഹനം ഓടിച്ചു പോവേണ്ടതുണ്ടെങ്കിൽ മുൻകരുതലായി ചെെനീസ് പതാക പ്രദർശിപ്പിക്കാനും ചെെന നിർദേശിച്ചിട്ടുണ്ട്.
ചെെനീസ് പ്രസിഡന്റ് ഷി ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ലാടിമർ പുടിനും വർഷങ്ങളായി അടുത്ത ബന്ധം നിലനിർത്തുന്നവരാണ്. ബീജിംഗിൽ ശീതകാല ഒളിമ്പിക്‌സിന് തൊട്ടുമുമ്പ് പുടിൻ ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് സ്വാധീനത്തെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ പങ്കാളിത്തം ഇരുപക്ഷവും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് കഴിഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോഴാണ് റഷ്യയുടെ യുക്രെെൻ ആക്രമണം.
റഷ്യയുടെ യുക്രൈൻ ആക്രമണത്തിൽ (Russia Ukraine Crisis) അമേരിക്കൻ നിലപാട് പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു (President of America). റഷ്യൻ യുദ്ധത്തിൽ അമേരിക്കയുടെ നിലപാട് ജോ ബൈഡൻ (Joe Biden) ഇന്ത്യൻ സമയം രാത്രി 10.30 നാകും പ്രഖ്യാപിക്കുക. ഇതിനായി അമേരിക്കൻ പ്രസിഡന്‍റ് (President of America) വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. രാവിലെ യുക്രൈനിൽ (Ukraine) റഷ്യ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ അമേരിക്ക കടുത്ത ഭാഷയിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് രാവിലെ പ്രതികരിച്ചത് പറഞ്ഞു.
സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും തുടർനടപടികൾ ജി7, നാറ്റോ രാഷ്ട്രത്തലവൻമാരുമായി ചർച്ച ചെയ്യുമെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലനിർത്തണമെന്നും ബൈഡൻ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വിഷയത്തിലെ അമേരിക്കയുടെ തുടർ നീക്കം എന്താണെന്നറിയാൻ ലോകം കാത്തിരിക്കുകയാണ്. യുദ്ധ മുഖത്ത് യുക്രൈന് സഹായം നൽകുമോ അതോ തത്കാലം പ്രശ്ന പരിഹാരത്തിനാകുമോ ബൈഡൻ മുൻകൈ എടുക്കുകയെന്നത് രാത്രിയോടെ അറിയാം.
റഷ്യ യുക്രൈൻ സംഘർഷത്തിനിടെ റഷ്യൻ പ്രസിഡന്‍റ് പുടിനുമായി (Valdmir Putin) പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ (Imran Khan) കൂടിക്കാഴ്ച നടത്തി. മോസ്കോയിലെത്തിയാണ് ഇമ്രാൻ ഖാൻ കൂടിക്കാഴ്ച നടത്തിയത്. മുൻ കൂട്ടി തീരുമാനിച്ച യാത്രയാണെന്നും റഷ്യ പാകിസ്ഥാൻ ബന്ധമാണ് ചർച്ചയായതെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. യുക്രൈനിൽ ആക്രമണം തുടരുമ്പോൾ ഇമ്രാൻ ഖാൻ റഷ്യൻ സന്ദർശനം നടത്തിയതിനെതിരെ ആഗോള തലത്തിൽ വിമർശനം ഉയർന്നിട്ടുണ്ട്.
അതേസമയം റഷ്യയുമായുള്ള യുദ്ധമുഖത്ത് യുക്രൈൻ കൂടുതൽ ഒറ്റപ്പെടുകയാണ്. അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ല എന്നാണ് നാറ്റോ (നോർത്ത് അറ്റ്‍ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ) തീരുമാനിച്ചത്. നാറ്റോയുടെ അംഗരാജ്യങ്ങളിൽ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം നൽകിയേക്കാമെങ്കിലും നാറ്റോ ഒരു സംഘടന എന്ന നിലയിൽ ഒരു തരത്തിലും സംയുക്ത സൈനിക നീക്കത്തിനില്ല എന്നും പ്രഖ്യാപിച്ചു. ഒരു മഹാമാരി ലോകത്തെ കീഴടക്കിയ കാലത്ത്, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയ്ക്ക് എതിരെ ഒരു സൈനികനീക്കത്തിന് നാറ്റോയില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ഏതെങ്കിലും തരത്തിൽ റഷ്യ യുക്രൈനെ ആക്രമിച്ചാൽ അത് യുക്രൈൻ- റഷ്യ യുദ്ധമാകില്ല, പകരം റഷ്യ- യൂറോപ്യൻ യൂണിയൻ യുദ്ധമാകും എന്ന് മുന്നറിയിപ്പ് നൽകിയ യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി ഇപ്പോൾ സ്തബ്ധനാണ്. നാറ്റോ രാജ്യങ്ങളിലൊന്ന് പോലും സ്വതന്ത്രമായിപ്പോലും സൈനികസഹായം നൽകുമെന്ന് പറയുന്നത് പോലുമില്ല. ആക്രമണം തുടങ്ങി പന്ത്രണ്ടാം മണിക്കൂർ പിന്നിടുമ്പോൾ റഷ്യൻ യുദ്ധം അപലപനീയം പക്ഷേ, തിരികെ ആക്രമിക്കാനില്ല എന്നാണ് നാറ്റോ നിലപാട്.
പത്ത് ഖണ്ഡികകളുള്ള ഒരു പ്രസ്താവനയാണ് നാറ്റോ അംഗരാജ്യങ്ങൾ സംയുക്തമായി യോഗത്തിന് ശേഷം പുറത്തുവിട്ടത്. റഷ്യ യുക്രൈന് മേൽ അഴിച്ചുവിട്ട ക്രൂരമായ ആക്രമണത്തെ സാധ്യമായ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്ന് പറയുന്ന നാറ്റോ, ആക്രമണം തീർത്തും സാധൂകരിക്കാനാവാത്തതാണെന്ന് പറയുന്നു. കൊല്ലപ്പെട്ട, പരിക്കേറ്റ എല്ലാവർക്കുമൊപ്പം ചേർന്നു നിൽക്കുന്നുവെന്നും, ആക്രമണത്തിന് സഹായം നൽകുന്ന ബെലാറസിനെ ശക്തിയുക്തം അപലപിക്കുന്നുവെന്നും നാറ്റോ പറയുന്നു.
യുഎൻ ചാർട്ടർ ഉൾപ്പടെയുള്ള അന്താരാഷ്ട്രനിയമങ്ങളുടെയെല്ലാം ലംഘനമാണ് ഇപ്പോൾ നടക്കുന്നത്. സ്വതന്ത്രരാജ്യത്തിനെതിരെ നടത്തിയ ഏകപക്ഷീയമായ ആക്രമണം, അപലപനീയം – എന്ന് നാറ്റോ പറയുന്നു. യുക്രൈൻ ജനതയോടൊപ്പം നിൽക്കുന്നു. അവരുടെ സ്വാതന്ത്ര്യത്തിനും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനൊപ്പം നിൽക്കുന്നു. യുക്രൈനിൽ നിന്ന് പിൻമാറണമെന്നൊക്കെ പ്രസ്താവനയായി മാത്രം നാറ്റോ പറയുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും റഷ്യയ്ക്ക് ഇതിന് വലിയ വില നൽകേണ്ടി വരും എന്ന് മാത്രം നാറ്റോ പറയുന്നു. ഉപരോധങ്ങൾ വഴി മാത്രം റഷ്യയെ നേരിടാനാണ് നിലവിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.