കീവ്: യുക്രൈയ്നിന്റെ കിഴക്കൻ മേഖലയിൽ റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണം. സ്ലോവിയാൻസ്കിലെ ജനവാസ മേഖലയിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുട്ടിയടക്കം 8 പേർ കൊല്ലപ്പെട്ടു. ആക്രമണത്തില് 21 ലേറെ പേർക്ക് പരിക്കേറ്റു. അപ്പാർട്മെന്റുകൾ കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ഷെല്ലാക്രമണം. യുക്രൈൻ സൈന്യത്തിന്റെ അധീനതയിലുളള ഡോണസ്ക് മേഖലയിലെ സ്ലോവിയാൻസ്ക് നഗരത്തിൽ നടത്തിയ ഷെല്ലാക്രമണം വീണ്ടും യുദ്ധത്തിന്റെ തീവ്രത കൂട്ടുമെന്നാണ് വിലയിരുത്തുന്നത്.
അതേ സമയം റഷ്യൻ പൗരന്മാരെ സൈന്യത്തിലേക്ക് ചേർക്കാനുളള നടപടിക്രമങ്ങൾ കർശനമാക്കി റഷ്യ. 2 ദിവസത്തെ ചർച്ചയ്ക്കൊടുവിലാണ് പാർലമെന്റിൽ ബില്ല് പാസാക്കിയത്. നിബന്ധിത സൈനിക സേവനത്തിന് അറിയിപ്പ് ലഭിച്ചാൽ രാജ്യം വിട്ട് പോകുന്നത് വിലക്കുന്നത് അടക്കമുളള നിബന്ധനകൾ അടങ്ങുന്നതാണ് പുതിയ നിയമം.
അതിനിടെ യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്നതിനിടെ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ രംഗത്ത് വന്നിട്ടുണ്ട്. വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർഥിച്ചാണ് ഇന്ത്യക്ക് യുക്രെയിൻ കത്ത് അയച്ചത്. ഇന്ത്യയിലെ ജി20 യോഗത്തിൽ യുക്രൈൻ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും അഭ്യർഥിച്ചു. യുക്രൈൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വഴിയാണ് സെലൻസ്കി ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്.
സാമ്പത്തിക പ്രതിസന്ധിയാണ് യുക്രൈൻ അഭിമുഖീകരിക്കുന്നത്. റഷ്യയുടെ അധിനിവേശം ഉക്രെയ്നിലെ 15 വർഷത്തെ സാമ്പത്തിക പുരോഗതി ഇല്ലാതാക്കി. മൊത്ത ആഭ്യന്തര ഉൽപ്പാദനം 29 ശതമാനം കുറയ്ക്കുകയും 1.7 ദശലക്ഷം ഉക്രേനിയക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് ലോക ബാങ്ക് റിപ്പോർട്ട് പുറത്തുവന്നിരുന്നു. യുദ്ധത്തിനിടെ 461 കുട്ടികൾ ഉൾപ്പെടെ 9,655 സിവിലിയന്മാരെങ്കിലും മരിച്ചതായാണ് സ്ഥിരീകരണം. ഏകദേശം 2 ദശലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.