അമേരിക്കയ്ക്ക് വെല്ലുവിളി;ആണവ പോര്‍മുനയുള്ള അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ പരീക്ഷിച്ച് റഷ്യ

മോസ്‌കോ: ആണവ പോര്‍മുനയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ച് റഷ്യ. ഗ്രീക്ക് പുരാവൃത്തത്തിലെ സമുദ്രദേവനായ പൊസൈഡണിന്റെ പേരു നല്‍കിയിരിക്കുന്ന ഈ ആയുധത്തിന് ശത്രുക്കളുടെ റഡാറുകളെ കബളിപ്പിക്കാന്‍ സാധിക്കുമെന്ന് പരീക്ഷണത്തിന്റെ വിജയത്തെക്കുറിച്ച് പ്രഖ്യാപിക്കവേ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ പറഞ്ഞു. യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്തു പരിക്കേറ്റ സൈനികരുമായി കൂടിക്കാഴ്ച നടത്തിയ വേളയിലായിരുന്നു പുതിന്റെ പ്രഖ്യാപനം.

പൊസൈഡണ്‍ ഡ്രോണിന്റെ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിച്ചുള്ള പരീക്ഷണം ചൊവ്വാഴ്ചയാണ് നടന്നതെന്നും അത് വലിയ വിജയമായിരുന്നെന്നും പുതിന്‍ പറഞ്ഞു. ഒരു അന്തര്‍വാഹിനിയില്‍നിന്നാണ് ഇത് തൊടുത്തത്. വേഗതയുടെയും ആഴത്തിന്റെയും കാര്യത്തില്‍ പൊസൈഡണ്‍ ഡ്രോണിന് തുല്യരില്ലെന്നും അതിനെ തടയുന്നത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്തര്‍വാഹിനികളിലേത് വെച്ചുനോക്കുമ്പോള്‍ പൊസൈഡണിന് ഇന്ധനം പകരുന്ന ആണവ റിയാക്ടര്‍ നൂറിരട്ടി ചെറുതാണ്. എന്നാല്‍, അവയുടെ ആണവപോര്‍മുനയുടെ കരുത്ത് സര്‍മത് ഭൂഖണ്ഡാന്തര ആണവ മിസൈലുകളേക്കാള്‍ ഏറെയാണെന്നും പുതിന്‍ പറഞ്ഞു.

2018-ല്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അണ്ടര്‍ വാട്ടര്‍ ഡ്രോണിനെക്കുറിച്ച് പുതിന്‍ ആദ്യമായി പരാമര്‍ശിക്കുന്നത്. തീരപ്രദേശങ്ങള്‍ക്കു സമീപത്തുവെച്ച് പൊട്ടിത്തെറിക്കാനും റേഡിയോ ആക്ടീവ് സുനാമികളെ സൃഷ്ടിക്കാനും ശേഷിയുള്ള വിധത്തിലാണ് ആണവ പോര്‍മുനയോടെ പൊസൈഡണിനെ നിര്‍മിച്ചിരിക്കുന്നതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച നടന്ന പരീക്ഷണത്തില്‍, പൊസൈഡണ്‍ ഡ്രോണ്‍ ആദ്യമായാണ് ആണവോര്‍ജത്തില്‍ പ്രവര്‍ത്തിച്ചതെന്നും പുതിന്‍ പറഞ്ഞു. അതേസമയം, പരീക്ഷണം നടന്ന സ്ഥലമോ മറ്റ് വിവരങ്ങളോ അദ്ദേഹം പങ്കുവെച്ചില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News