ന്യൂയോർക്ക്: കിഴക്കൻ യുക്രെയ്ൻ മേഖലയിലെ വ്യോമാതിർത്തി അടച്ച് റഷ്യ. മേഖലയിൽ സിവിലിയൻ വിമാനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. മണിക്കൂറുകൾക്കുള്ളിൽ റഷ്യ യുക്രെയ്നിൽ ആക്രമണം നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. അതേ സമയം, സമാധാനത്തിനായി അപേക്ഷിച്ച് യുക്രെയ്ൻ പ്രസിഡന്റ്. ചർച്ചയ്ക്കുള്ള ശ്രമങ്ങളോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎന്നിനോട് അദ്ദേഹം സഹായം അഭ്യർഥിച്ചു. പ്രതിസന്ധി ചർച്ച ചെയ്യാൻ യുഎൻ രക്ഷാ സമിതി ഉടൻ ചേരും.
യുദ്ധഭീതിയേറുന്നതിനിടെ കൂടുതൽ റഷ്യൻ സൈന്യം യുക്രെയ്ൻ അതിർത്തിയിലേക്കു നീങ്ങുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. റഷ്യയുമായുള്ള നയതന്ത്രബന്ധം പൂർണമായി വിഛേദിച്ച യുക്രെയ്ൻ, രാജ്യത്ത് 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയിലുള്ള പൗരന്മാരോട് ഉടൻ നാട്ടിലേക്കു മടങ്ങാനും നിർദേശിച്ചു.
റഷ്യൻസേന യുക്രെയ്ൻ അതിർത്തിക്ക് 20 കിലോമീറ്റർ അകലെ നിലയുറപ്പിച്ചതായാണു വ്യക്തമാകുന്നത്. സ്വതന്ത്രരാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രെയ്നിലെ കിഴക്കൻ വിമത മേഖലകളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിന് റഷ്യൻ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു.
യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള തെക്കൻ ബെലാറൂസ്, പടിഞ്ഞാറൻ റഷ്യയുടെ വിവിധ മേഖലകൾ എന്നിവിടങ്ങളിൽ 24 മണിക്കൂറിനിടെ വൻതോതിൽ സൈനികനീക്കം നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുഎസ് ഉപഗ്രഹ ഇമേജിങ് കമ്പനി പുറത്തുവിട്ട ചിത്രങ്ങളിലുള്ളത്. തെക്കൻ ബെലാറൂസിലെ മൊസൈറിൽ നൂറുകണക്കിന് സൈനിക വാഹനങ്ങളും ടെന്റുകളും ദൃശ്യമാണ്. ഒന്നര ലക്ഷത്തോളം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്.