മോസ്‌കോ: യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. കിഴക്കന്‍ യുക്രൈനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രൈനിന്റെ സൈനികശേഷി കാര്യമായി കുറയ്ക്കാനായി. യുക്രൈന്‍ വ്യോമസേനയെ തകര്‍ത്തുവെന്നും നാവികസേനയെ ഇല്ലാതാക്കിയെന്നും റഷ്യന്‍ സൈന്യം വ്യക്തമാക്കി.
ഡോണ്‍ബാസ് മേഖലയുടെ വിമോചനത്തിനായി കേന്ദ്രീകരിക്കുന്നമെന്നും സൈന്യം അറിയിച്ചു. ഡോണ്‍ബാസിന്റെ 54 ശതമാനം പ്രദേശവും ഇപ്പോള്‍ റഷ്യന്‍ പിന്തുണയുള്ള യുക്രെയ്ന്‍ വിമതരുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
മരിയുപോളിനായുള്ള യുദ്ധം തുടരുകയാണ്. സാധാരണക്കാര്‍ക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും പരമാവധി നാശം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും റഷ്യ വ്യക്തമാക്കി. റഷ്യന്‍ സേനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കാനായെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു.
അതേസമയം റഷ്യ-യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പോളണ്ട് സന്ദര്‍ശിച്ചു. യുദ്ധം വിലയിരുത്തുന്നതിനായി ബൈഡന്‍ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. പോളണ്ടിലെ അഭയാര്‍ഥി പ്രശ്നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.
റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് രണ്ട് മില്യണിലധികം അഭയാര്‍ഥികള്‍ പോളണ്ടിലെത്തിയതായി ഹ്യൂമാനിറ്റേറിയന്‍ വിദഗ്ധര്‍ അമേരിക്കന്‍ പ്രസിഡന്റിനോട് വ്യക്തമാക്കി. 3.5 മില്യണ്‍ ആളുകളാണ് യുക്രൈനില്‍ നിന്നും പലായനം ചെയ്തത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധി യൂറോപ്പ് നേരിടുന്ന ഘട്ടത്തില്‍ പോളണ്ട് വലിയ സഹായമാണ് ചെയ്തതെന്ന് ബൈഡന്‍ പറഞ്ഞു.
പോളണ്ട് അതിര്‍ത്തിക്ക് സമീപം യു എസ് അയച്ച സൈനികരേയും ബൈഡന്‍ സന്ദര്‍ശിച്ചു. റഷ്യയ്ക്കെതിരായ യുക്രൈന്‍ ജനതയുടെ പോരാട്ടം അഭിനന്ദനാര്‍ഹമാണെന്നും ബൈഡന്‍ പോളണ്ട് സന്ദര്‍ശന വേളയില്‍ പ്രസ്താവിച്ചു.