മോസ്കോ: യുക്രൈനിൽനിന്ന് വിഘടിച്ചു നിൽക്കുന്ന രണ്ടു പ്രവിശ്യകളിലേക്ക് റഷ്യ സൈനിക നീക്കം തുടങ്ങി. ടാങ്കുകൾ അടക്കം വൻ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം വിമത പ്രവിശ്യകളുടെ അതിർത്തി കടന്നതോടെ ലോകം യുദ്ധഭീതിയിലായി. റഷ്യയുടെ തീരുമാനം തീക്കളിയാണെന്ന് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പ്രതികരിച്ചു. റഷ്യക്ക് എതിരെ കടുത്ത ഉപരോധ നടപടികൾക്ക് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തുടക്കമിട്ടു. യുദ്ധഭീതി മുറുകുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള കൂറ്റൻ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയായ നോർഡ് സ്ട്രീം ടൂ നിർത്തിവെക്കാൻ ജർമനി തീരുമാനിച്ചു.
രാജ്യത്തോടായി നടത്തിയ ടെലിവിഷൻ അഭിസംബോധനയിൽ ആണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സൈനിക നീക്കം പ്രഖ്യാപിച്ചത്. റഷ്യൻ അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള പ്രവിശ്യകളിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് അവിടങ്ങളിൽ സമാധാനം ഉറപ്പിക്കാനാണ് എന്ന് പുടിൻ അവകാശപ്പെട്ടു. റഷ്യൻ പിന്തുണയുള്ള വിമതരുടെ ആക്രമണത്തിൽ കഴിഞ 24 മണിക്കൂറിനിടെ രണ്ടു സൈനികർ കൂടി കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. 12 പേർക്ക് പരിക്കേറ്റു. ലോകത്തെ പ്രധാന വിമാനക്കമ്പനികൾ പലതും യുക്രൈനിലേക്കുള്ള സർവീസുകൾ നിർത്തിയിരിക്കുകയാണ്.
യുക്രൈനിലെ വിമത പ്രവിശ്യകൾ ഇവയാണ്:
2014 മുതൽ യുക്രൈനുമായി ഭിന്നിച്ചു നിൽക്കുന്ന രണ്ടു പ്രവിശ്യകളാണ് ഇവ – ഡോൻസ്‌ക്, ലുഹാൻസ്‌ക്. രണ്ടിടത്തും കൂടി ജനസംഖ്യ 40 ലക്ഷം. ഇതിൽ എട്ടു ലക്ഷം പേർക്ക് റഷ്യ പാസ്‌പോർട്ടും അനുവദിച്ചിട്ടുണ്ട്. തങ്ങൾ സ്വതന്ത്രരെന്ന് അവകാശപ്പെടുന്നു ഈ നാട്ടുകാർ. റഷ്യ രഹസ്യമായി ഇവർക്ക് ആയുധവും പണവും നൽകുന്നു. രണ്ടും യുക്രൈന്റെ ഭാഗമെന്ന വാദിക്കുന്നു യുക്രൈൻ ഭരണകൂടം. ഇവിടങ്ങളിൽ സമാധാനം ഉണ്ടാക്കാനായി റഷ്യയും വിമതരും യൂറോപ്യൻ യൂണിയനും തമ്മിൽ കരാർ ഉണ്ടാക്കിയെങ്കിലും ഇതുവരെ നടപ്പായില്ല. എട്ടു വർഷത്തിനിടെ
പതിനായിരം പേരെങ്കിലും ഇവിടെ കൊല്ലപ്പെട്ടു.
വിമത പ്രവിശ്യകളിൽ സംഭവിക്കുന്നത്:
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഡൊണസ്കിലും ലുഹാൻസ്‌കിലുമായി വീണു പൊട്ടിയത് ആയിരക്കണക്കിന് ഷെല്ലുകളാണ്. യുക്രൈനും വിമതരും
പരസ്പരം ആക്രമിക്കുന്നു. നിരവധി പേർ ആക്രമണം ഭയന്ന് നാട് വിട്ടു. വലിയൊരു വിഭാഗം റഷ്യൻ സൈന്യത്തിനൊപ്പം ചേർന്ന് യുക്രൈനെ നേരിടാൻ തയാറായി നിൽക്കുന്നു. ആക്രമണത്തിൽ രണ്ട് യുക്രൈൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.
ലോകരാജ്യങ്ങളുടെ പ്രതികരണം:
ഡോൻസ്‌ക്, ലുഹാൻസ്‌ക് വിമത പ്രവിശ്യകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്നാണ് വ്ലാദിമിർ പുട്ടിന്റെ ഇന്നലത്തെ പ്രഖ്യാപനം. ഈ
രണ്ട് പ്രവിശ്യകളെയും ഇനി യുക്രൈന്റെ ഭാഗമായി റഷ്യ കണക്കാക്കുന്നില്ല എന്നർത്ഥം. ഇവിടങ്ങളിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് സമാധാനം ഉറപ്പിക്കാനാണ് എന്നും പുടിൻ പറഞ്ഞു. കടുത്ത ഭാഷയിലാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും പ്രതികരിച്ചത്. റഷ്യയുടേത് പ്രതീക്ഷിക്കപ്പെട്ട നാണംകെട്ട നടപടി എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. റഷ്യ എന്ത് പറഞ്ഞാലും യുക്രൈന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾ മാറില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലിൻസ്കി പറയുന്നു. ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനം എന്നായിരുന്നു ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടട്രസിൻ്റെ പ്രതികരണം.
ഇന്ത്യൻ നിലപാട് :
കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയപ്പോൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുറ്റിനുമായി 25 പ്രതിരോധ കരാറുകളാണ് ഇന്ത്യ ഒപ്പിട്ടത്. ശതകോടികളുടെ പ്രതിരോധ ഇടപാടുകളാണ് റഷ്യയുമായി ഇന്ത്യക്ക് ഉള്ളത്. അമേരിക്ക പോലെ തന്നെ റഷ്യയും ഇന്ത്യയുടെ സുപ്രധാന പ്രതിരോധ പങ്കാളിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രതികരണം കരുതലോടെയാണ്. പാശ്ചാത്യ രാജ്യങ്ങളെപ്പോലെ റഷ്യയെ അപലപിക്കാൻ ഇന്ത്യ തയാറായില്ലെന്നത് ശ്രദ്ധേയം.
സംഘർഷം ലഘൂകരിക്കുകയാണ് ആദ്യം വേണ്ടത്. മേഖലയിൽ സ്ഥിരതയുള്ള സമാധാനവും ശാന്തിയും ഉണ്ടാകണം. സംഘർഷങ്ങളെ ഇന്ത്യ ആശങ്കയോടെ കാണുന്നു. ചർച്ചകൾ മാത്രമാണ് പരിഹാരം – യുഎൻ രക്ഷാസമിതിയിൽ ഇന്ന് ഇന്ത്യ പറഞ്ഞത് ഇങ്ങനെ.
സംഘർഷം നീണ്ടാൽ പ്രത്യാഘാതം എന്ത്?
വിവിധ യൂറോപ്യൻ രാജ്യങ്ങളിലായി ഉള്ളത് 60 ലക്ഷം ഇന്ത്യക്കാർ. യുക്രൈനിൽ വിദ്യാർഥികൾ അടക്കം കാൽ ലക്ഷം പേർ. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. ഒരു വർഷം ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം 800 കോടി ഡോളറിന്റേതാണ്. സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുകയും റഷ്യക്ക് മേൽ കനത്ത ആഗോള ഉപരോധം ഉണ്ടാവുകയും ചെയ്താൽ സാമ്പത്തികമായി അത് ഇന്ത്യക്കും തിരിച്ചടിയാകും. പ്രതിരോധ ഇടപാടുകൾ മുടങ്ങുമെന്ന ആശങ്ക വേറെ. യൂറോപ്പ് യുദ്ധ മേഖല ആയാൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയും തൊഴിലും പ്രശ്നമാകും. കോവിഡിൽ തകർന്നു തരിപ്പണമായ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മേൽ ഒരു യുദ്ധം കൂടി വന്നാൽ ഭീകരമായിരിക്കും പ്രത്യാഘാതം. ബാരലിന് നൂറു ഡോളറിനോട് അടുത്ത എണ്ണ വില ഇനിയും ഉയരും. യുദ്ധവാർത്തകൾ വന്നപ്പോൾ തന്നെ ലോകമെങ്ങും ഓഹരി വിപണി ഇടിഞ്ഞത് ഇതിനു സൂചനയാണ്.
ഇനിയെന്ത് സംഭവിക്കും?
ദുർബലമെങ്കിലും സമാധാന ശ്രമങ്ങൾ ഇപ്പോഴും സജീവം. യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ പലതുണ്ട്. ജർമനിയെപ്പോലെ പല രാജ്യങ്ങളും സമാധാനം ആഗ്രഹിക്കുന്നു. ഇപ്പോൾ രണ്ട് വിമത പ്രവിശ്യകളിൽ മാത്രം നിലനിൽക്കുന്ന സംഘർഷം അവിടെത്തന്നെ ഒതുങ്ങുമെന്ന് ഇപ്പോഴും പല രാജ്യങ്ങളും കരുതുന്നു. അതല്ല, റഷ്യ യൂറോപ്പ് യുദ്ധമായി അത് പടർന്നാൽ ആഘാതം അതിരൂക്ഷമാകും എന്നത് ഉറപ്പാണ്.