InternationalNews

കീവിൽ വീണ്ടും മിസൈൽ ആക്രമണവുമായി റഷ്യ: 12 മരണം

കീവ്:യുക്രെയ്ൻ തലസ്ഥാനമായ കീവ് ഉൾപ്പെടെ വിവിധ നഗരങ്ങളിലേക്ക് കനത്ത മിസൈൽ ആക്രമണവുമായി റഷ്യ. ഡിനിപ്രോ, ഉമാൻ എന്നിവിടങ്ങളിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മിസൈൽ പതിച്ച ഉമാനിൽ പത്തുപേരും ഡിനിപ്രോ നഗരത്തിൽ 2 പേരുമാണ് കൊല്ലപ്പെട്ടത്. അൻപതു ദിവസത്തിലേറെ ഇടവേളയ്ക്കു ശേഷമാണ് തലസ്ഥാനമായ കീവ് വീണ്ടും റഷ്യ ലക്ഷ്യമിടുന്നത്.

ഉമാനിൽ ജനവാസമുള്ള 10 കെട്ടിടങ്ങളിലേക്കാണ് റഷ്യ ആക്രമണം നടത്തിയതെന്നും റഷ്യയ്ക്കതിരെ രാജ്യാന്തര സമൂഹം കൂടുതൽ നടപടി സ്വീകരിക്കേണ്ട സാഹചര്യമാണുളളതെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. കിഴക്കൻ യുക്രെയ്നിലെ നിയന്ത്രണം ശക്തമാക്കാൻ വ്യവസായ  മേഖലയായ ഡോൺബാസിനെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി കീവിനു നേരെ റഷ്യ മിസൈൽ ആക്രമണം ശക്തമാക്കിയത്.

യുക്രെയ്നിലേക്കെത്തിയ 23 മിസൈലുകളിൽ 21 എണ്ണവും രണ്ടു ഡ്രോണുകളും നിർവീര്യമാക്കിയതായി യുക്രെയ്ൻ പ്രതിരോധസേനയിലെ സെർജി പോപ്കോ അറിയിച്ചു. ഇതിൽ കീവ് ലക്ഷ്യമിട്ടെത്തിയ 11 മിസൈലുകളും ഉൾപ്പെടുന്നു. ഏപ്രിലിൽ അമേരിക്കയിൽ നിന്ന് മിസൈൽവേധ പാട്രിയറ്റ് സംവിധാനം കീവിന് ലഭിച്ചിരുന്നു.

റഷ്യയെ പ്രതിരോധിക്കാൻ യുക്രെയ്നു നൽകാമെന്നു പ്രഖ്യാപിച്ച സൈനിക സഹായത്തിൽ 98 ശതമാനവും വിതരണം ചെയ്തതായി നാറ്റോ തലവൻ ജെൻസ് സ്റ്റോളൻബർഗ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 1,550 കവചിത വാഹനങ്ങളും 230 യുദ്ധടാങ്കുകളും അടങ്ങുന്ന ഈ സൈനിക സഹായത്തിനൊപ്പം ഒൻപതിലധികം യുക്രെയ്ൻ സൈനിക ബ്രിഗേഡുകൾക്ക് ആധുനിക പരിശീലനവും നാറ്റോ നൽകിയതായി സ്റ്റോളൻബർഗ് വെളിപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button