InternationalNews

സാമ്പത്തികരംഗം കടുത്ത പ്രതിസന്ധിയിൽ, പിടിച്ചു നിൽക്കാൻ കൈകാലിട്ടടിച്ച് റഷ്യ

മോസ്കോ: അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വന്നതോടെ റഷ്യയിലെ സാമ്പത്തികരംഗം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. റഷ്യൻ കറൻസിയായ റൂബിൾ മൂല്യം കുത്തനെ ഇടിഞ്ഞതോടെ പലിശ നിരക്കുകൾ ഉയർത്തി ഈ തകർച്ചയെ പ്രതിരോധിക്കാനാണ് രാജ്യത്തെ ധനകാര്യ മാനേജ്മെന്റ് സംവിധാനങ്ങൾ ശ്രമിക്കുന്നത്. റൂബിളിനെ ജനം കൈയ്യൊഴിയുന്നത് ഒഴിവാക്കാൻ രാജ്യത്തെ പൗരന്മാർ വിദേശത്തേക്ക് പണം അയക്കരുതെന്ന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ് വ്ലാഡിമർ പുടിൻ.

സ്വിഫ്റ്റിൽ നിന്നും പുറന്തള്ളപ്പെട്ടതോടെ റഷ്യൻ റൂബിൾ ഒരു ഡോളറിനെതിരെ 119 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. ഇതോടെയാണ് 9.5 ശതമാനം ഉണ്ടായിരുന്ന പലിശ  രാജ്യത്തെ സെൻട്രൽ ബാങ്ക് 20 ശതമാനമാക്കി ഉയർത്തിയത്. റൂബിൾ മൂല്യം 30 ശതമാനത്തോളം ഇടിഞ്ഞതോടെ ആണ് പ്രധാനപ്പെട്ട പലിശ നിരക്കുകൾ എല്ലാം ബാങ്ക് ഓഫ് റഷ്യ ഉയർത്തിയത്. ജനം പരിഭ്രാന്തരായി നെട്ടോട്ടം ഓടാൻ തുടങ്ങിയതോടെ ആളുകളോട് സമാധാനമായി ഇരിക്കാനാണ് ബാങ്ക് ഓഫ് റഷ്യ ആവശ്യപ്പെട്ടത്. എന്നാൽ ബാങ്ക് ഓഫ് റഷ്യയുടെ ഈ വാക്കുകളിൽ ജനത്തിന് ആശ്വാസം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്വിഫ്റ്റിൽ നിന്ന് ബാങ്ക് ഓഫ് റഷ്യ അടക്കം പുറത്തായതോടെ ചുറ്റി പോയത് യുക്രൈന് എതിരായ യുദ്ധ നീക്കത്തെ എതിർത്ത സാധാരണക്കാരായ റഷ്യക്കാർ കൂടിയാണ്.

ഈ ഘട്ടത്തിലാണ് റഷ്യക്കാർ വിദേശത്തേക്ക് പണം അയക്കാൻ തുടങ്ങിയത്. ഇതോടെയാണ് വിദേശത്തേക്കുള്ള പണമിടപാടിന് വിലക്കേർപ്പെടുത്തിയത്. പ്രതിസന്ധി നേരിടാൻ റിസർവിലുണ്ടായിരുന്ന ഒരു ബില്യൺ ഡോളർ ചെലവാക്കിയിരിക്കുകയാണ് റഷ്യൻ സെൻട്രൽ ബാങ്ക്. വെള്ളിയാഴ്ചത്തെ നിലയിൽ നിന്നും 14 ശതമാനം കൂടി ഇടിഞ്ഞ് ഇന്ന് വൈകീട്ട് നാല് മണിക്ക് ഡോളറിനെതിരെ 94.60 എന്ന നിലയിലാണ് റൂബിളിന്റെ വ്യാപാരം. പലിശ നിരക്ക് ഉയർത്തിയതോടെയാണ് മൂല്യം ഉയർന്നത്. നേരത്തെ സെൻട്രൽ ബാങ്കിനെതിരെ വിലക്ക് വന്നപ്പോൾ ഡോളറിനെതിരെ 120 എന്ന നിലയിലേക്ക് റൂബിൾ താഴ്ന്നിരുന്നു. യൂറോയ്ക്ക് എതിരെ 106 ലാണ് റൂബിളിന്റെ ഇന്നത്തെ വ്യാപാരം. ഇന്ത്യൻ കറൻസിയായ രൂപയ്ക്ക് എതിരെ 0.72 എന്ന നിലയിലാണ് റൂബിൾ.

അമേരിക്കയും യൂറോപ്യൻ യൂണിയനും അവരുടെ സഖ്യ രാഷ്ട്രങ്ങളുമെല്ലാം റഷ്യയിലെ സെൻട്രൽ ബാങ്കിനെ അടക്കം ഉപരോധിക്കുകയാണ്. യുദ്ധത്തിൽ നേരിട്ട് പങ്കാളികളാവുന്നില്ലെങ്കിലും റഷ്യയെ പരമാവധി സമ്മർദ്ദത്തിൽ ആക്കാനുള്ള ശ്രമങ്ങൾ ആണ് യൂറോപ്യൻ യൂണിയൻറെയും അമേരിക്കയുടേയും ഒക്കെ നിലപാടിൽ കാണാനാവുന്നത്. റഷ്യയുടെ ക്രൂഡോയിൽ കയറ്റുമതിക്കും ഗ്യാസ് കയറ്റുമതിക്കും സ്വിഫ്റ്റ് സംവിധാനം നിർണായകമാണ്. അതിനാലാണ് മർമ്മ സ്ഥാനത്തുതന്നെ എതിരാളികൾ അടിച്ചിരിക്കുന്നത്. എങ്കിലും രാജ്യത്തെ സാമ്പത്തിക സ്ഥിരത നിലനിർത്താൻ പരമാവധി ഇടപെടൽ നടത്തുമെന്ന് ബാങ്ക് ഓഫ് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ഉറപ്പുകൾ ജനം വിശ്വാസത്തിൽ എടുത്തോ എന്നറിയാൻ  ഇനി അധികം മണിക്കൂറുകൾ പോലും ആവശ്യമില്ല. കഴിയും വേഗം റഷ്യയുടെ ഭാഗത്തു നിന്ന്  വെടിനിർത്തലിന് ആണ് എതിർ വിഭാഗത്തിന്റെ ശ്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button