ടെഹ്റാൻ: ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും ഉന്നതതല യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം ഞായറാഴ്ച പ്രഖ്യാപിച്ചു.
ഇറാന്റെ സുഹൃത്താണ് റഷ്യ. ഞങ്ങൾ എപ്പോഴും പരസ്പരം കൂടിയാലോചനകൾ നടത്താറുണ്ട്. ഗൗരവമേറിയ ചർച്ചകൾക്കായാണ് റഷ്യയിലേക്ക് പോകുന്നത്- അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇസ്താംബൂളിൽ നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടേറെ രാജ്യങ്ങൾ ഇറാന് ആണവ പോർമുനകൾ നൽകാൻ തയ്യാറാണെന്ന് റഷ്യൻ മുൻ പ്രസിഡന്റും റഷ്യൻ സുരക്ഷാ കൗൺസിൽ ചെയർമാനും കൂടിയായ ദിമിത്രി മെദ്വദേവ് പറഞ്ഞു. ഇറാനിൽ നടത്തിയ ആക്രമണത്തിലൂടെ അമേരിക്ക പുതിയൊരു യുദ്ധത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. സമാധാനപാലകനായെത്തിയ ട്രംപ് യുദ്ധം ആരംഭിച്ചിരിക്കുന്നു. ഈ യുദ്ധവിജയത്തിലൂടെ ട്രംപിന് സമാധാനത്തിനുള്ള നോബേൽ ലഭിക്കില്ല-അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്റെ ആണവനിലയങ്ങൾക്ക് കാര്യമായ കേടുപാടുകളൊന്നും പറ്റിയിട്ടില്ലെന്ന് ദിമിത്രി മെദ്വദേവ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. ചെറിയ കേടുപാടുകൾ മാത്രമേ സംഭവിച്ചിട്ടുള്ളു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ആണവ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ തുടരും. ഭാവിയിൽ അത് ആണവായുധങ്ങളുടെ ഉത്പാദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി രാജ്യങ്ങൾ ഇറാന് ആണവ പോർമുനകൾ നേരിട്ട് നൽകാൻ തയ്യാറാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, അത് ഏതൊക്കെ രാജ്യങ്ങളാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.


