തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദര്‍ശനത്തിന് എത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ജില്ലാ കലക്ടറാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. ക്ഷേത്രത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
ദര്‍ശനത്തിന് എത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ ഹാജരാക്കണം. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പ്രവേശിക്കാം. വോളണ്ടിയര്‍മാര്‍ക്കും നിര്‍ദേശം ബാധകമാണ്. രോഗലക്ഷണമുള്ളവര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം അനുവദിക്കില്ല.
ക്ഷേത്രത്തിനുള്ളിലും പരിസരത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. സാമൂഹിക അകലം പാലിക്കുന്നതിന്, കൃത്യമായ അകലം നിശ്ചയിച്ച് വൃത്താകൃതിയില്‍ നിലത്ത് അടയാളപ്പെടുത്തണം. ഭക്തജനങ്ങള്‍ ഈ അടയാളങ്ങളില്‍ മാത്രം നില്‍ക്കുന്നതിന് സംഘാടകര്‍ നിര്‍ദേശം നല്‍കണം.
ക്യൂ, ബാരിക്കേഡുകള്‍ എന്നീ സംവിധാനങ്ങളിലൂടെ പോലീസും സംഘാടകരും ആള്‍ക്കൂട്ടം നിയന്ത്രിക്കണം. ആചാരപ്രകാരമല്ലാത്ത പരിപാടികള്‍ അനുവദിക്കില്ല. ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ മുഴുവന്‍ സമയവും കോവിഡ് പ്രോട്ടോക്കോള്‍(മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം) പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.