ആലപ്പുഴ: ആലപ്പുഴയില്‍ മാരകായുധങ്ങളുമായി പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെ കൊലപെടുത്താന്‍ ശ്രമിച്ചതിനാണ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരില്‍ നിന്നും വടിവാളുകള്‍ പിടിച്ചെടുത്തു.
ആലപ്പുഴ മണ്ണഞ്ചേരിയില്‍ ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് ഇന്നലെ രാത്രി പൊലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗമായ നവാസ് നൈനയെ വധിക്കാന്‍ എത്തിയവരാണെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തത്.
2021 ഡിസംബര്‍ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആലപ്പുഴയില്‍ നടന്നത്. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പിറ്റേന്ന് നേരം പുലരുംമുമ്പ് ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി. ഷാന്‍ കേസില്‍ പ്രതികളെ വേഗം പിടികൂടിയെങ്കിലും രണ്‍ജീത്ത് കേസില്‍ പൊലീസ് നന്നേ പണിപ്പെട്ടു.
പാലക്കാട്ടെ ആര്‍എസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഉള്‍പ്പടെയുള്ള ജില്ലകളില്‍ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്തികളും സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഫേസ്ബുക്കിലും വാട്‌സാപ്പിലും പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ പോസ്റ്റുകളും കമന്റുകളും ഇടുന്നത് പൊലീസ് നിരീക്ഷിക്കും. ലവ് ജിഹാദ് ആരോപണത്തിന്റെ പശ്ചാത്തലത്തിലും സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാകാതിരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ മുന്‍കരുതലെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ (Sreenivasan Murder Case) കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ വീടുകളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ചിലര്‍ കസ്റ്റഡിയിലായെന്നാണ് സൂചന. അതിനിടെ ഇന്നലെ അറസ്റ്റിലായ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ അബ്ദുള്‍ ഖാദര്‍ എന്ന ഇക്ബാലിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന കോങ്ങാട് മേഖലയിലാണ് തെളിവെടുപ്പ്. ഒമ്പത് പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലായതായും സൂചനയുണ്ട്. സുബൈര്‍ വധക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങും.
ശ്രീനിവാസന്‍ കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ കേസില്‍ നിര്‍ണായക അറസ്റ്റുമായി അന്വേഷണ സംഘം. മേലാമുറിയിലെത്തി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ ഒരാള്‍ ഉള്‍പ്പടെ രണ്ട് പേരെയാണ് പൊലീസ് ഇന്നലെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
ശ്രീനിവാസന്‍ കൊലക്കേസില്‍ ഗൂഡാലോചന നടത്തിയതിലും നേരിട്ട് പങ്കെടുത്തവരിലും പ്രധാനിയായ അബ്ദുള്‍ റഹ്മാനെന്ന ഇക്ബാല്‍, ഗൂഢാലോചനയില്‍ പങ്കാളിയായ ഫയാസ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ശ്രീനിവാസന്റെ കൊലയാളി സംഘത്തിന്റെ ആക്ടിവ ഓടിച്ചിരുന്നത് ഇക്ബാലായിരുന്നു. കോങ്ങാട് നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. 2019 ല്‍ ഹേമാംബികാ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയുണ്ടായ കൊലപാതക്കേസില്‍ പ്രതിയായിരുന്നു ഇക്ബാല്‍. കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈറിന്റെ ബന്ധുവായ ഫയാസാണ് പിടിയിലായിട്ടുള്ളത്.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റ് അഞ്ച് പേരേക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഐ ജി അശോക് യാദവ് പറഞ്ഞു. ഇന്നലെ പട്ടാമ്പി, തൃത്താല മേഖലയിലെ പോപ്പുലര്‍ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതേസമയം സുബൈര്‍ വധക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും തിരിച്ചറിയല്‍ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ അടുത്ത ദിവസം കോടതിയില്‍ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.