തിരുവനന്തപുരം : ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സന്ദീപാനന്ദ ഗിരി. സാക്ഷിയെ ആർഎസ്എസ് സ്വാധീനിച്ചിട്ടുണ്ടാകാമെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന മൊഴിയാണ് സാക്ഷിയായ പ്രശാന്ത് കോടതിയിൽ തിരുത്തിയത്. ക്രൈം ബ്രാഞ്ചിൻറെ സമ്മർദ്ദം കൊണ്ടാണ് മൊഴി നൽകിയതെന്നാണ് സാക്ഷിയായ പ്രശാന്ത് കോടതിയിൽ രഹസ്യമൊഴി നൽകിയത്.
ക്രൈം ബ്രാഞ്ചിൻറെ അപേക്ഷ പ്രകാരം കഴിഞ്ഞയാഴ്ചയാണ് പ്രശാന്ത് തിരുവനന്തപുരം അഡീഷണൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയത്. ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി തിരുത്തിയ പ്രശാന്ത്, സഹോദരൻറെ പേര് പറഞ്ഞതിന് പിന്നിൽ ക്രൈം ബ്രാഞ്ചിൻറെ സമ്മർദ്ദമാണെന്നാണ് രഹസ്യമൊഴി നൽകിയത്. നാലുവർഷത്തിന് ശേഷം പ്രതിയെ തിരിച്ചറിഞ്ഞത് നേട്ടമാക്കി ഉയർത്തിക്കാട്ടിയ ക്രൈംബ്രാഞ്ച് ഇതോടെ വെട്ടിലായി.
കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്തിന്റെ സഹോദരനും ആർഎസ്എസ് പ്രവർത്തകനുമായ പ്രകാശ് ഇക്കഴിഞ്ഞ ജനുവരി മൂന്നിന് ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യക്ക് മുമ്പ് സഹോദരൻ വെളിപ്പെടുത്തിയ കാര്യം എന്ന നിലക്കായിരുന്നു പ്രശാന്തിൻറെ വെളിപ്പെടുത്തൽ. മരിച്ചുപോയ ആളെ പ്രതിയാക്കി എന്ന നിലയിൽ ബിജെപി സർക്കാറിനെതിരെ രംഗത്ത് വന്നിരുന്നു. മൊഴിമാറ്റത്തോടെ ബിജെപി ആരോപണം ശക്തമാക്കി.
മൊഴി മാറ്റാനിടയായ സഹാചര്യം പ്രശാന്ത് വിശദീകരിച്ചിട്ടില്ല. പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ചും വീഡിയോയിൽ പകർത്തിയിരുന്നു. പ്രശാന്തിൻെറ മൊഴിയില്ലെങ്കിലും വേറെയും തെളിവുകളുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം. പ്രകാശിന്റെ ആത്മഹത്യയും പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. പ്രശാന്തിന്റെ വെളിപ്പെുത്തൽ പിടിവള്ളിയാക്കി കഴിഞ്ഞ ദിവസം സിപിഎം ആശ്രമം സ്ഥിതി ചെയ്യുന്ന കുണ്ടമൺകടവിൽ രാഷ്ട്രീയ വിശദീകരണം യോഗം നടത്തിയിരുന്നു. കേസിലെ പുതിയ ട്വിസ്റ്റ് സിപിഎമ്മിനും പൊലീസിനും വലിയ തിരിച്ചടിയായി.