ഒരു പാല്‍ ചായക്ക് 100 രൂപ, പാല്‍പ്പൊടിക്ക് വില 2,000 കടന്നു! ശ്രീലങ്കയില്‍ ആവശ്യസാധനകള്‍ക്ക് തീവില; സമ്പദ് വ്യവസ്ഥ ഏത് നിമിഷവും തകരുമെന്ന് മുന്നറിയിപ്പ്
കൊളംബോ: യുദ്ധകാലത്ത് പോലും നേരിട്ടിട്ടില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ ശ്രീലങ്ക കടന്നുപോകുന്നത്. രാജ്യത്ത് ആഹാരസാധനങ്ങള്‍ക്കുള്‍പ്പെടെ തീ വിലയാണ്. ഇന്ധന-വാതക ക്ഷാമം ആരംഭിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ കറന്‍സിയുടെ മൂല്യം ഗണ്യമായി കുറഞ്ഞിരുന്നു.
പ്രധാനപ്പെട്ട അന്താരാഷ്ട്ര കറന്‍സികള്‍ക്കെതിരെ ശ്രീലങ്കന്‍ രൂപ കൂപ്പുകുത്തി. ഇതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു. നിലവില്‍ ഒരു പാല്‍ചായക്ക് 100 രൂപയാണ് ശ്രീലങ്കയില്‍ കൊടുക്കേണ്ടത്. പാല്‍പ്പൊടിയുടെ വില കിലോയ്ക്ക് 2,000 രൂപ വരെയെത്തിയാണ് വിവരം. എല്ലാ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്ത് വിപണനം നടത്തണമെന്നതിനാല്‍ തീ വിലയാണ് ഓരോ ഭക്ഷ്യ വസ്തുവിനും.
സമ്പദ് വ്യവസ്ഥയുടെ സ്ഥിതിഗതി ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ ശ്രീലങ്കന്‍ ഭരണകൂടം ഐഎംഎഫിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വിലയിരുത്തിയ അന്താരാഷ്ട്ര നാണയ നിധിയുടെ അധികൃതര്‍, ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥ ഏത് നിമിഷവും തകരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി ക്യൂവിൽ നിന്ന രണ്ട് പേർ കുഴഞ്ഞുവീണ് മരിച്ചു. എഴുപത്തിയൊന്നുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും എഴുപത്തിരണ്ടു വയസുള്ളയാളുമാണ് മരണപ്പെട്ടത്. എഴുപത്തിയൊന്നുകാരന് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നതായാണ് വിവരം.
നാല് മണിക്കൂറോളമാണ് വയോധികർ ക്യൂവിൽ നിന്നത്. പാചകവാതക വില ഇനിയും ഉയരുമെന്ന ആശങ്കമൂലം ആളുകൾ മണ്ണെണ്ണ കൂടുതലായി വാങ്ങിത്തുടങ്ങുകയും ചെയ്തു. ഇതാണ് പലയിടത്തും വൻ ക്യൂ പ്രത്യക്ഷപ്പെടുന്നത്. പാചകവാതക സിലിണ്ടറിന് നിലവിൽ 1359 രൂപയാണ് (372 ഇന്ത്യൻ രൂപ) കൂട്ടിയത്. അഞ്ച് മണിക്കൂറോളമാണ് ഇവിടെ പവർകട്ട്.
ഇതുമൂലം ഡീസൽ ജനറേറ്ററുകളുടെ ഉപയോഗവും കൂടി. അതേസമയം ശ്രീലങ്കൻ രൂപയുടെ മൂല്യം 30% കുറഞ്ഞു. ഡോളറിന് 275 രൂപ നൽകണം. 400 ഗ്രാം പാൽപ്പൊടിക്ക് 250 രൂപയാണ് വിലയാണ് (ഇന്ത്യയിലെ 68 രൂപ) ഇതോടെ ഹോട്ടലുകളിൽ ഒരു കപ്പ് ചായയ്ക്ക് 100 രൂപയായി(27 ഇന്ത്യൻ രൂപ).