മുംബൈ:തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് രാജമൗലിയുടെ(SS Rajamouli) ആർആർആർ(RRR Movie). ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം തന്നെയായിരുന്നു അതിന് കാരണം. സിനിമാസ്വാദകരുടെ പ്രിതീക്ഷകൾക്ക് മാറ്റ് കൂട്ടുന്ന തരത്തിലാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനും. മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ആർആർആറിന്റെ ഒടിടി റിലീസ് വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
മെയ് 20ന് ചിത്രം ഒടിടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. സീ5 പ്ലാറ്റ്ഫോമിൽ ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പുകൾ ലഭ്യമാകും. നെറ്റ്ഫ്ലിക്സിലൂടെയാകും ഹിന്ദി പതിപ്പ് റിലീസ് ചെയ്യുക. 650 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ഒരുമാസത്തിനുള്ളിൽ തന്നെ ആയിരം കോടി കളക്ഷൻ നേടിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 1133 കോടിയാണ് ഇതുവരെ ചിത്രം നേടിയത്.
മാർച്ച് 25നാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് ‘ആർആർആർ’. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു.
#RRR premiering on Zee5, May 20th! pic.twitter.com/sbR25Qtblf
— LetsOTT Global (@LetsOTT) May 12, 2022
ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.