ഇടുക്കി:മന്ത്രി ആയാൽ ഇടുക്കിക്കും സംസ്ഥാനത്തിനും വേണ്ടി വാശിയോടെ പ്രവർത്തിക്കുമെന്ന് കേരള കോൺഗ്രസ് എം നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. രണ്ടാം പിണറായി സർക്കാരിൽ ഏതു വകുപ്പാണ് കിട്ടുന്നതെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. അർഹമായ പരിഗണന കേരള കോൺഗ്രസിന് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും റോഷി പറഞ്ഞു.
കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജിനെ പരാജയപ്പെടുത്തിയാണ് ഇക്കുറി ഇടുക്കിയിൽ നിന്നും റോഷി അഗസ്റ്റിൻ വിജയിച്ചത്. കഴിഞ്ഞ നാല് തവണയും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച റോഷി ഇക്കുറി കളം മാറിയെങ്കിലും ഇടുക്കി ഒപ്പം നിൽക്കുകയായിരുന്നു. പാലായിൽ ജോസ് കെ മാണി പരാജയപ്പെട്ടതോടെ കേരള കോൺഗ്രസ് എമ്മിൻ്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് റോഷിയാണ്.
രണ്ടാം പിണറായി സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനത്തിനായി ജോസ് വിഭാഗം സമ്മർദ്ദം ചെലുത്തിയെങ്കിലും ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയുമാണ് സിപിഎം ജോസ് വിഭാഗത്തിന് വാഗ്ദാനം ചെയ്തിട്ടുള്ളത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഹാട്രിക് ജയം നേടിയ എൻ.ജയരാജ് ചീഫ് വിപ്പാവാനാണ് സാധ്യത.
അഞ്ച് എംഎൽഎമാരുള്ള തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനം മാണി വിഭാഗം പ്രതീക്ഷിച്ചിരുന്നു. നഷ്ടമായ മന്ത്രിസ്ഥാനത്തിന് പകരം അടുത്ത വരുന്ന ഒഴിവിൽ രാജ്യസഭാ സീറ്റ് കിട്ടും എന്ന പ്രതീക്ഷയിലാണ് മാണി വിഭാഗം.
21 മന്ത്രിമാരായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകുകയെന്ന് ഇടതുമുന്നണി കൺവീനര്‍ എ വിജയരാഘവൻ. സിപിഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാല് കേരളാ കോൺഗ്രസിനും ജെഡിഎസിനും എൻസിപിക്കും ഒരോ മന്ത്രിസ്ഥാനങ്ങൾ നൽകും. ജനാധിപത്യ കേരളാ കോൺഗ്രസിനും ഐഎൻഎല്ലിനും ആദ്യ ഊഴത്തിൽ മന്ത്രി സ്ഥാനം കിട്ടും. രണ്ടാം ഊഴത്തിൽ കേരളാ കോൺഗ്രസ് ബിയും കോൺഗ്രസ് എസും രണ്ടാം ഊഴത്തിൽ മന്ത്രിസ്ഥാനത്തെത്തും.
സിപീക്കര്‍ സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ആയിരിക്കും എന്നാണ് ഇടതുമുന്നണി യോഗത്തിൽ ധാരണയായത്. ചീഫ് വിപ്പ് സ്ഥാനം കേരളാ കോൺഗ്രസിന് നൽകും. വകുപ്പ് സംബന്ധിച്ച തീരുമാനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനെ മുന്നണിയോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എ വിജയരാഘവൻ വിശദീകരിച്ചു.
മറ്റെല്ലാ ഘടകകക്ഷികളേയും പരിഗണിച്ചപ്പോൾ എൽജെഡിയെ മാത്രം മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ മാറ്റിനിര്‍ത്തിയതിനെ കുറിച്ച് വിശദീകരിക്കാൻ എ വിജയരാഘവൻ തയ്യാറായില്ല. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് സിപിഎം മന്ത്രിമാരുടെ പേരുകളിൽ അന്തിമ തീരുമാനം എടുക്കും. കെകെ ശൈലജ ഒഴികെ നിര്‍ബന്ധമായും ബാക്കിയെല്ലാം പുതുമുഖങ്ങൾ എന്ന് തീരുമാനം വരുമ്പോൾ അതേ പാത പിന്തുടരാനാണ് സിപിഐയുടേയും നീക്കം. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിലും അന്തിമ ധാരണയായി.