എല്ലാം ആലോചിച്ചെടുത്ത തീരുമാനം; എൽഡിഎഫ് വിടുമെന്ന അഭ്യൂഹം തള്ളി മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് (എം) എൽഡിഎഫ് വിടുമെന്ന അഭ്യൂഹം തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. മുന്നണി വിടുന്ന കാര്യത്തേക്കുറിച്ച് അറിയില്ല. കേരള കോൺഗ്രസിനേക്കുറിച്ച് മുൻപും ഇത്തരത്തിൽ വാർത്തകൾ വന്നിട്ടുണ്ട്. ഉപവാസ സമരത്തിൽ ജോസ് കെ. മാണി പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള വിശദീകരണം അദ്ദേഹം തന്നെ നൽകിയിട്ടുണ്ട്. കേരളാ കോൺഗ്രസിന്റെ കാര്യത്തിൽ ഒരു സഭയും ഇടപ്പെട്ടിട്ടില്ലെന്നും എന്തിനാണ് അഭ്യൂഹങ്ങൾക്ക് പിന്നാലെ പോകുന്നതെന്നും റോഷി അഗസ്റ്റിൻ ചോദിച്ചു. യുഡിഎഫുമായി സൗഹൃദം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റത്തിൽ വിസ്മയങ്ങൾ നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ പറഞ്ഞിരുന്നു. ഇത് ജോസ് കെ. മാണിയെ മുൻനിർത്തിയാണെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു. എന്നാൽ, ‘വിസ്മയം സൃഷ്ടിക്കേണ്ട കാര്യമെന്താണ്?’ എന്നായിരുന്നു റോഷി അഗസ്റ്റിന്റെ ചോദ്യം.

മുന്നണി മാറ്റം സംബന്ധിച്ച് ഒരു വിഷയവും ചർച്ചയിൽ ഇല്ല. ആരും തന്നോട് ഈ വിഷയം സംബന്ധിച്ച് ചർച്ചചെയ്തിട്ടില്ല. സോണിയാ ഗാന്ധി ജോസ് കെ. മാണിയോട് സംസാരിച്ച കാര്യം എന്നോട് പറഞ്ഞിട്ടില്ല. സോണിയാ ഗാന്ധിയും പറഞ്ഞിട്ടില്ല എന്നായിരുന്നു റോഷിയുടെ മറുപടി.

ആരോടും വിദ്വേഷമില്ല. എല്ലാവരോടും സൗഹൃദമാണ്. അത് എന്നും തുടരും. വ്യക്തമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി മുന്നോട്ട് പോകുന്നത്. യുഡിഎഫിൽ ഉണ്ടായിരുന്നപ്പോൾ എൽഡിഎഫിലെ നേതാക്കളുമായി സൗഹൃദമുണ്ടായിരുന്നു. ഇടുക്കിയിൽ രണ്ട് പ്രാവശ്യം മത്സരിച്ചപ്പോൾ എതിരാളി എൽഡിഎഫ് നേതാവ് സി.വി. വർഗീസ് ആയിരുന്നു. അതുകഴിഞ്ഞാണ് എൽഡിഎഫിൽ ഞങ്ങൾ എത്തുന്നത്. പിന്നീട് വർഗീസ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായി പ്രവർത്തിച്ചു. തിരഞ്ഞെടുപ്പിൽ എതിരായി മത്സരിക്കുമ്പോഴും രാത്രി തട്ടുകടയിൽനിന്ന് ചായകുടിച്ച് പിരിയുമ്പോൾ ‘ഈ തിരഞ്ഞെടുപ്പിൽ ഇച്ചിരി ടൈറ്റാണെടാ വർഗീസേ’ എന്ന് പറഞ്ഞപ്പോൾ നീ ജയിക്കുമെടാ ഉവ്വേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത്രയും അടുത്തബന്ധം യുഡിഎഫും എൽഡിഎഫും നോക്കാതെ പുലർത്തിയിട്ടുണ്ട്.

എന്റെ വിശ്വാസ പ്രമാണങ്ങളെ വിശ്വസ്തതയോടെ സംരക്ഷിക്കുന്ന ക്രൈസ്തവ വിശ്വാസിയാണ്. വിശ്വാസ പ്രമാണങ്ങളെ അടിയറവെക്കുന്ന ഒരു കാര്യവും ഇതിനകത്ത് ഉണ്ടായിട്ടില്ല. എല്ലാം ആലോചിച്ചാണ് അന്ന് ഞങ്ങൾ തീരുമാനമെടുത്തത്. ഞങ്ങളുടെ ധാർമികതയെ ചോദ്യംചെയ്യുന്ന ഒന്നിനും നിലനിൽക്കാൻ കഴിയുന്ന സ്ഥിതിയുണ്ടെന്ന് എനിക്ക് ബോധ്യമില്ല. അതുതന്നെയാണ് ജോസ് കെ. മാണി പറഞ്ഞ ലാസ്റ്റ് വാക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News