തിരുവനന്തപുരം: മലങ്കര ജലാശയത്തിന്റെ വൃഷ്ടിപ്രദേശം വനം വകുപ്പിന് കൈമാറിയതുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതിസൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.റിസര്‍വ് വനമാക്കിയാല്‍ സമീപത്തുള്ള സ്വകാര്യ ഭൂമിയിലെ മരം മുറിക്കുന്നതിന് നിയന്ത്രണം വരുമെന്നതടക്കമുള്ളത് വ്യാജ പ്രചാരണമാണ്.
ജലപാതകള്‍, കുളിക്കടവുകള്‍, കിണറുകള്‍, റോഡുകള്‍ എന്നിവയ്ക്കു പരിധി നിശ്ചയിക്കും എന്ന പ്രചാരണവും ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുന്നതിനു വേണ്ടിയാണെന്ന് തൊടുപുഴയിൽ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
പരാതികൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് സെറ്റിൽമന്റ് ഓഫീസർ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഡിസംബറില്‍ ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫീസറായ സബ് കലക്ടര്‍ ഇതുമായി ബന്ധപ്പെട്ട് ആദ്യത്തെ വിജ്ഞാപനത്തിന്റെ തുടര്‍ച്ചയെന്നോണം അതിര്‍ത്തികള്‍ വ്യക്തമാക്കുന്നതിന് രണ്ടാമതൊരു വിജ്ഞാപനം കൂടി പുറത്തിറക്കുക മാത്രമായിരുന്നു.
ഈ വിജ്ഞാപനം സംബന്ധിച്ച് ഏപ്രില്‍ വരെ രേഖാമൂലം പരാതി നല്‍കാം എന്നാണ് വനംവകുപ്പ് അറിയിച്ചിട്ടുള്ളത്. കിണറുകള്‍ അടക്കമുള്ള ജലശ്രോതസ്സുകള്‍ക്ക് ഇളവ് വേണ്ടവര്‍ക്ക് ഇക്കാര്യം ആവശ്യപ്പെടാവുന്നാണ്.
അധികൃതര്‍ ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. റീനോട്ടിഫൈ ചെയ്യും മുമ്പ് ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ അതും സെറ്റിൽമെന്റ് ഓഫീസർ പരിശോധിക്കും. എല്ലാ പരാതികളും പരിഹരിച്ച ശേഷം ആകും തുടർ നടപടികൾ. ഇക്കാര്യത്തിലൊന്നും യാതൊരു ആശങ്കയും വേണ്ടെന്നും മന്ത്രി വ്യ്കതമാക്കി.
റിസര്‍വ് ഭൂമിയുടെ ചുറ്റും നിയന്ത്രണങ്ങള്‍ വരുമെന്നു പറയുന്നതും പച്ചക്കള്ളമാണ്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. നിലവില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള 52.59 ഹെക്ടര്‍ സ്ഥലത്ത് ജനവാസ കേന്ദ്രങ്ങളോ സ്വകാര്യ ഭൂമിയോ ഉള്‍പ്പെടുന്നില്ല.
മൂലമറ്റം ത്രിവേണി മുതല്‍ കാഞ്ഞാര്‍ വരെയുള്ള പുഴയോരത്തെ ജനവാസ മേഖലയോടു ചേര്‍ന്ന ഭൂമി നല്‍കില്ല. അവിടെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുക ആണ് സർക്കാർ ലക്ഷ്യമിടുന്നത്.
അത് എംവിഐപിയുടെ പേരില്‍ തന്നെ ജണ്ടയിട്ട് അതിര്‍ത്തി തിരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് യാതൊരു ആശങ്കയും ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനു വേണ്ടി ഉള്ളതാണ്. ഇത്തരം വിഷയങ്ങളിൽ അനാവശ്യമായി രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
കാല്‍ നൂറ്റാണ്ടു മുന്‍പ് ഇടമലയാര്‍ പദ്ധതിക്ക് വേണ്ടി 115.047 ഹെക്ടര്‍ വനഭൂമി ജലസേചന വകുപ്പിന് വിട്ടുനല്‍കിയതിനു പകരമായി 65.46 ഹെക്ടര്‍ ഭൂമി കാരാപ്പുഴ പ്രോജക്ടില്‍ നിന്നും 52.59 ഹെക്ടര്‍ ഭൂമി മൂവാറ്റുപുഴ ഇറിഗേഷന്‍ പ്രോജക്ടില്‍നിന്നും വിട്ടുനല്‍കുന്നതിനു നേരത്തെ കരാറായിരുന്നതണ്. ഇതിനു 1992 ഫെബ്രുവരി 27നു കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് 1996 ഡിസംബര്‍ 24നു എംവിഐപിയുടെ 52.59 ഹെക്ടര്‍ ഭൂമി കൈമാറുകയും ചെയ്തു