തൊടുപുഴ: എല്‍.ഡി.എഫ് മന്ത്രിസഭയില്‍ അനുവദിച്ച് കിട്ടിയ രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരളാ കോണ്‍ഗ്രസ്-എം. മന്ത്രി സ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ എന്‍. ജയരാജിനെയും തീരുമാനിച്ചു.
പാര്‍ട്ടി തീരുമാനം അറിയിച്ച് ചെയര്‍മാന്‍ ജോസ് കെ. മാണി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി എല്‍ഡിഎഫില്‍ കേരളാ കോണ്‍ഗ്രസ്-എം ആദ്യാവസാനം നിലപാടെടുത്തിരുന്നെങ്കിലും സിപിഎം വഴങ്ങിയിരുന്നില്ല.
യുവത്വത്തിന്റെ പ്രസരിപ്പുമായാണ് ഇടുക്കിയുടെ അമരക്കാരന്‍ റോഷി അഗസ്റ്റിന്‍ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇടുക്കി നിയോജകമണ്ഡലത്തില്‍ നിന്നു മന്ത്രിസഭയിലെത്തുന്ന ആദ്യജനപ്രതിനിധിയെന്ന വിശേഷണവും ഇനി ഇദ്ദേഹത്തിനു സ്വന്തം.
കാഞ്ഞിരപ്പള്ളി എംഎല്‍എ ആയ ഡോ എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. തിരുമ്മു-മര്‍മ ചികിത്സയ്ക്കും കളരിപ്പയറ്റിനും പെരുമയുള്ള ചമ്പക്കര കുറുപ്പുമാരുടെ ബന്ധത്തിലെ ചെറുമാക്കല്‍ കുടുംബാംഗമാണ്.
21 അംഗങ്ങളെ ഉള്‍പ്പെടുത്തി രണ്ടാം പിണറായി സര്‍ക്കാരിന്റെ ഘടനയ്ക്ക് ഇടതുമുന്നണിയോഗം രൂപംനല്‍കി. ഐ.എന്‍.എല്ലിലെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരളകോണ്‍ഗ്രസിലെ ആന്റണി രാജുവും ആദ്യ രണ്ടരവര്‍ഷം മന്ത്രിമാരാകും. രണ്ടാം ഊഴം കേരള കോണ്‍ഗ്രസ് ബിക്കും കോണ്‍ഗ്രസ് എസിനും ലഭിക്കും. എല്‍.ജെ.ഡി. ഒഴികെയുള്ള കക്ഷികള്‍ക്ക് പ്രാതിനിധ്യമുണ്ട്.
സി.പി.എം.- 12, സ്പീക്കര്‍, സി.പി.ഐ.- 4, ഡെപ്യൂട്ടി സ്പീക്കര്‍, കേരള കോണ്‍ഗ്രസ് (എം)- 1, ചീഫ് വിപ്പ്, ജെ.ഡി.എസ്.- 1, എന്‍.സി.പി.- 1, ജെ.കെ.സി.- 1 (ആദ്യ രണ്ടരവര്‍ഷം), ഐ.എന്‍.എല്‍-1 (ആദ്യ രണ്ടരവര്‍ഷം), കോണ്‍ഗ്രസ് (എസ്)- 1 (രണ്ടാമത്തെ രണ്ടരവര്‍ഷം), കേരളകോണ്‍ഗ്രസ്(ബി)- 1 (രണ്ടാമത്തെ രണ്ടരവര്‍ഷം).