ഇന്‍സ്റ്റഗ്രാം നിരോധിച്ചതിന് പിന്നാലെ പകരം റോസ്ഗ്രാം റഷ്യ. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റഗ്രാം നിരോധിച്ചതിനു പിന്നാലെയാണ് റഷ്യ സ്വന്തം ഫോട്ടോ ഷെയറിങ് ആപ്പുമായി രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ഇല്ലാത്ത ക്രൗഡ് ഫണ്ടിംഗ്, ചില പ്രത്യേക കണ്ടന്റുകളിലേക്ക് പണം ഈടാക്കല്‍ സൗകര്യങ്ങളൊക്കെ റോസ്ഗ്രാമില്‍ ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിക്കുന്നത്. ഈ മാസം 28 മുതല്‍ ആപ്പ് ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാവും.
റഷ്യയില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ആപ്പുകളൊക്കെ വിലക്കിയിരിക്കുകയാണ്. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്കിനെതിരേ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നല്‍കിയതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്. റഷ്യ സ്വീകരിച്ച ഈ നടപടി ശരിയായില്ലെന്നാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി ഇതിനെ കുറിച്ച് പ്രതികരിച്ചത്.
റഷ്യയില്‍ പ്ലേസ്റ്റോറില്‍ ഇടപാടുകള്‍ നടത്തുന്നതിനും സബ്‌സ്‌ക്രിപ്ഷനുകളെടുക്കുന്നതും ഗൂഗിള്‍ വിലക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കാണ് വിലക്ക്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി നിലവിലുള്ള സബ്‌സ്‌ക്രിപ്ഷനുകള്‍ പുതുക്കാനോ കാന്‍സല്‍ ചെയ്യാനോ സാധിക്കില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി. എന്നാല്‍ ഈ പ്രഖ്യാപനം നടക്കുന്നതിന് മുമ്പ് സബ്സ്‌ക്രിപ്ഷന്‍ എടുത്ത ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ക്ക് തടസം ഉണ്ടാകില്ല. നിലവിലുള്ള ബില്ലിങ് കാലാവധി തീരുന്നത് വരെ സേവനം ഉപയോഗിക്കാന്‍ സാധിക്കും.
നിലവിലുള്ള ഡെവലപ്പര്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് ബില്ലിങ് ഗ്രേസ് പിരീയഡ് അനുവദിക്കും കൂടാതെ പേമെന്റ് നടക്കുന്നത് വരെ ഫ്രീ ട്രയലുകള്‍ തുടരുകയും ചെയ്യും. ഈ തീരുമാനങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുന്നതറിയാന്‍ ഗൂഗിളില്‍ നിന്നുള്ള അറിയിപ്പുകള്‍ പിന്തുടരണമെന്നും കമ്പനി റഷ്യന്‍ ജനങ്ങളോട് നിര്‍ദേശിച്ചു. സൗജന്യ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും തടസമുണ്ടാവില്ല.