ചേർത്തല: ആലപ്പുഴയിൽ നാല് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. പ്രതി സെബാസ്റ്റ്യനുമായി അടുപ്പമുണ്ടായിരുന്ന റോസമ്മ എന്ന സ്ത്രീയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. റോസമ്മയുടെ വീട്ടിൽ അന്വേഷണ സംഘം റഡാർ സംവിധാനം (ജിപിആർ) ഉപയോഗിച്ച് പരിശോധന നടത്തുമെന്നാണ് വിവരം. സിഗ്നൽ ലഭിച്ചാൽ റോസമ്മയുടെ വീട്ടുപരിസരവും കുഴിച്ച് പരിശോധിച്ചേക്കും. കാണാതായ മൂന്ന് സ്ത്രീകളിൽ ഒരാളായ ഐഷയുടെ അയൽവാസിയാണ് റോസമ്മ.
കാണാതാകുന്നതിന് മുമ്പ് ഐഷ വിൽപന നടത്തിയ വീടിന് തൊട്ടുചേർന്നാണ് റോസമ്മ താമസിക്കുന്നത്. റോസമ്മയും സെബാസ്റ്റ്യനും ഐഷയും തമ്മിൽ അടുത്ത ബന്ധത്തിലായിരുന്നുവെന്നാണ് പ്രദേശവാസികളും ആക്ഷൻ കൗൺസിൽ അംഗങ്ങളും പറയുന്നത്. റോസമ്മ ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്.
റോസമ്മയുടെ വീടിന് തൊട്ടടുത്ത് ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന കോഴി ഫാമിൽ അന്വേഷണ സംഘം ബുധനാഴ്ച പരിശോധന നടത്തി. ലൈസൻസ് ഇല്ലാത്തതിനാലാണ് കോഴി ഫാം അടച്ചതെന്നാണ് റോസമ്മ പറഞ്ഞത്. നാല് വർഷത്തോളം ഇത് പ്രവർത്തിച്ചെന്നും എന്നാൽ, ലൈസൻസ് ആവശ്യമാണെന്ന് അറിഞ്ഞതിന് പിന്നാലെ അടച്ചുവെന്നും റോസമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഒരേക്കറോളമുള്ള സ്ഥലത്ത് റോസമ്മ ഒറ്റയ്ക്കാണ് താമസം. വീടിന് മുൻ ഭാഗത്തായാണ് കോഴി ഫാം ഉള്ളത്. ഐഷ ഉള്ളപ്പോഴായിരുന്നു കോഴി ഫാം പണിത സ്ഥലം വാങ്ങിയതെന്ന് റോസമ്മ പറഞ്ഞു. ഐഷയെ കാണാതായതിന് ശേഷമാണ് കോഴി ഫാം പണിതത്. നാല് വർഷത്തോളം കോഴി ഫാം നടത്തിയെന്നും റോസമ്മ മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ ക്രൈംബ്രാഞ്ച് ആണ് ഐഷയുടെ തിരോധാനം അന്വേഷിക്കുന്നത്.
സംഭവത്തിൽ നാട്ടുകാർ വലിയ ദുരൂഹതയാണ് ആരോപിക്കുന്നത്. റോസമ്മയും സെബാസ്റ്റ്യനും തമ്മിൽ ഏറെ അടുപ്പത്തിലായിരുന്നുവെന്നും ഇയാൾ നിരന്തരം റോസമ്മയുടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആക്ഷൻ കൗൺസിൽ അംഗം രൂപേഷ് പറയുന്നു. ഒരേക്കറോളം പുരയിടത്തിൽ റോസമ്മ ഒറ്റക്കാണ് താമസം. സ്ത്രീകൾ ഇടക്കിടെ വന്നുപോകുന്നുണ്ട്. ഇടക്ക് ഒരു ബന്ധുസ്ത്രീയും ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇല്ല. ആദ്യ വിവാഹം കഴിച്ചയാൾ മരിച്ച ശേഷം റോസമ്മ രണ്ടാമതും വിവാഹം കഴിച്ചിരുന്നു. ഇയാളും പിന്നീട് മരിച്ചു, രൂപേഷ് പറയുന്നു.
റോസമ്മ വഴിയാണ് സെബാസ്റ്റ്യനുമായി ഐഷ അടുപ്പത്തിലാകുന്നതെന്നാണ് ഐഷയുടെ ബന്ധു ആരോപിക്കുന്നത്. റോസമ്മയും ഐഷയും തമ്മിൽ മൂന്ന് മാസത്തെ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. കാണാതായപ്പോൾ ബന്ധുക്കൾ തിരക്കിപ്പോയിരുന്നു. 2012-ലാണ് ഐഷയെ കാണാതായത്. പിന്നീട് കേസ് രജിസ്റ്റർ ചെയ്തു. സെബാസ്റ്റ്യൻ റോസമ്മയുടെ അടുത്ത് വരുന്നത് എല്ലാവർക്കും അറിയാം. 2016-ൽ ഐഷയും സെബാസ്റ്റ്യനും ചേർന്നാണ് റോസമ്മയുടെ കോഴിഫാമിന്റെ സ്ഥലം ഒരുക്കിയതെന്ന് റോസമ്മ പറയുന്നത് സത്യമല്ല. ഐഷ കൂടെ ഉണ്ടായിരുന്നില്ല. റോസമ്മ മാത്രമാണ് കോഴി ഫാം നടത്തിയിരുന്നത്- ഐഷയുടെ ബന്ധു പറയുന്നു.
പെൻഷനൊക്കെ ഐഷയുടെ പേരിൽ തന്നെ ആയിരുന്നുവെന്നും മക്കളാരും തന്നെ കൈപ്പറ്റിയിരുന്നില്ലെന്നും ബന്ധു പറയുന്നു. റോസമ്മയും സെബാസ്റ്റ്യനുമായി ബന്ധമില്ലെന്ന് പറയുന്നതിൽ സംശയമുണ്ട്. കോഴിഫാം നിർമിക്കാൻ ജെസിബി വന്നതിലും സംശയമുണ്ട്. കോഴിഫാം പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും ഐഷയുടെ ബന്ധു പറയുന്നു.
കാണാതായ ഐഷയുടെ സമീപവാസിയായ റോസമ്മ നേരത്തെ സെബാസ്റ്റ്യനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. അയൽവാസിയെന്ന നിലയിൽ ഐഷയുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും കാണാതാകുന്ന കാലത്ത് ഐഷയും സെബാസ്റ്റ്യനും അടുത്ത ബന്ധത്തിലായിരുന്നെന്നും റോസമ്മ പറഞ്ഞിരുന്നു. സ്ഥലം വാങ്ങാനായി കരുതിവെച്ചിരുന്ന പണമടക്കം ഇവരുടെ കൈവശമുണ്ടായിരുന്നതായും ഇതു സെബാസ്റ്റ്യൻ തട്ടിയെടുത്തിട്ടുണ്ടാകുമെന്നും റോസമ്മ നേരത്തെ ആരോപിച്ചിരുന്നു.
ഐഷയെ കാണാതായശേഷം പലപ്പോഴായി ഇവരുടെ ഫോണിൽനിന്ന് തന്റെ ഫോണിലേക്ക് കോളുകൾ വന്നുകൊണ്ടിരുന്നെന്നും ഫോണെടുത്താൽ മറുപടിയുണ്ടാകാറില്ലെന്നും തിരിച്ചുവിളിച്ചാൽ എടുക്കാറില്ലെന്നും ഇവർ മാധ്യമങ്ങളോടു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം അക്കാലത്ത് അന്വേഷണം നടത്തിയ പോലീസിനോടു പറഞ്ഞിരുന്നെങ്കിലും അവർ അവഗണിച്ചെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ, സെബാസ്റ്റ്യന്‍റെ വീടിനു പരിസരത്തുനിന്ന് അസ്ഥികൂടം കണ്ടെത്തിയതിനു പിന്നാലെ റോസമ്മയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
ചേർത്തലയിലെ നാല് സ്ത്രീകളെ കാണാതായ സംഭവത്തിലാണ് പള്ളിപ്പുറം ചെങ്ങുംതറ സെബാസ്റ്റ്യനെതിരേ പോലീസ് അന്വേഷണം നടക്കുന്നത്. 2006-നും 2025-നും ഇടയിൽ ആലപ്പുഴയിൽ നിന്ന് കാണാതായ മധ്യവയസ്കരായ നാല് സ്ത്രീകളിൽ മൂന്നുപേരുടെ തിരോധാനവും വിരൽ ചൂണ്ടുന്നത് സെബാസ്റ്റ്യനിലേക്കാണ്. ഇയാളുടെ വീട്ടുവളപ്പിൽനിന്ന് അസ്ഥികളും മറ്റുചില തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മ എന്നിവരെ സെബാസ്റ്റ്യൻ കൊലപ്പെടുത്തി എന്ന സംശയം ബലപ്പെടുകയാണ്. തെളിവുകൾ ബാക്കിവെക്കാതെ അതിവിദഗ്ധമായി സ്ത്രീകളെ കൊലപ്പെടുത്തുകയും സ്വത്ത് തട്ടിയെടുക്കുകയുമായിരുന്നു സെബാസ്റ്റ്യൻ എന്നാണ് കരുതുന്നത്. കൂടുതൽ സ്ത്രീകൾ ഇയാളുടെ ഇരകളായിട്ടുണ്ടോ എന്നും ഇപ്പോൾ പോലീസ് സംശയിക്കുന്നുണ്ട്.
2024 ഡിസംബറിൽ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മയ്ക്കായുള്ള അന്വഷണമാണ് സെബാസ്റ്റ്യനിൽ എത്തിയത്. ഇവരുമായി സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന് വ്യക്തമായ പശ്ചാത്തലത്തിൽ പോലീസ് ഇയാളെ ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് ജയ്നമ്മ കൊല്ലപ്പെട്ടതായുള്ള സൂചനകൾ പോലീസിന് ലഭിച്ചത്.


